ചെന്നെ:  ചെന്നൈയിലെ ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ചികിത്സ കാത്തിരുന്ന നാല് കോവിഡ് രോഗികള്‍ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലാണ് അതി ദാരുണമായ ഈ സംഭവം.  

1200 കിടക്കകള്‍ ഉള്ള ഈ ആശുപത്രിയിലെ എല്ലാ കിടക്കകളും രോഗികളെകൊണ്ട് നിറഞ്ഞ ഒരു സാഹചര്യത്തിലാണ് രോഗികള്‍ക്ക് ആംബുലന്‍സില്‍ കാത്തിരിക്കേണ്ടിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആശുപത്രിയിലേക്കുള്ള റോഡുകളിലൊക്കെ തന്നെ ആംബുലന്‍സുകള്‍ കാത്തുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

നാല് മണിക്കൂറിലധികം രോഗികള്‍ക്ക് ചികിത്സയ്ക്കായി ആംബുലന്‍സില്‍ കാത്തിരിക്കേണ്ടിവന്നു.  മൊത്തം 24 രോഗികള്‍ക്കാണ് ആംബുലന്‍സില്‍ കഴിയേണ്ടിവന്നത്. പുലര്‍ച്ചെ ഡോക്ടര്‍മാര്‍ ആംബുലന്‍സിലെത്തി ചികിത്സ ആരംഭിച്ചെങ്കിലും അപ്പോഴേക്കും നാല് പേര്‍ മരിച്ചിരുന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: 4 Covid patient dies in ambulance Chennai