പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് എം.പിമാർ|ANI
ന്യൂഡല്‍ഹി: വിലക്ക് മറികടന്ന് വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് എം.എപിമാരെ ലോക്‌സഭയില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ല സസ്‌പെന്‍ഡ് ചെയ്തു.
കോൺഗ്രസ് എം.പിമാരായ രമ്യാ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് പാര്‍ലമെന്റ സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് ശേഷം ഇവര്‍ പുറത്ത് കടന്ന് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
വിഷയത്തില്‍ ഉച്ചയ്ക്ക് ചര്‍ച്ചയാവാമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നുവെങ്കിലും എം.പിമാര്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കണമെങ്കില്‍ പുറത്തുപോവണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷ എം.പിമാര്‍ പ്ലക്കാര്‍ഡുകളുമായി തിരിച്ചെത്തുകയായിരുന്നു. പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ എംപിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് സ്പീക്കറോട് ആവശ്യപ്പെട്ടത്.
രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ മുന്നോട്ട് പോവേണ്ടതുണ്ട്. പക്ഷെ ഇതുപോലെ പോവാന്‍ പറ്റില്ല. ഇത്തരം സാഹചര്യം തനിക്ക് അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അവശ്യ വസ്തുക്കള്‍ക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിലൂടെ ഉണ്ടായ വിലവര്‍ധനവ് സംബന്ധിച്ച് തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശങ്കകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി പരിഹാരം കാണമെന്നായിരുന്നു എം.പിമാരുടെ ആവശ്യം. ജൂലായ് 18 ന് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ അവശ്യവസ്തുക്കളുടെ വിലവര്‍ധനവ് സംബന്ധിച്ച് ഇരുസഭകളിലും ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..