ഇ.ഡി.അറസ്റ്റ് ചെയ്ത അർപ്പിത മുഖർജിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന കുംഭകോണക്കേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ നാല് കാറുകള്‍ക്കായി തിരച്ചില്‍ ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 50 കോടിയോളം വരുന്ന പണവും ആറ് കിലോയോളം സ്വര്‍ണവുമടക്കം പിടികൂടിയ റെയ്ഡിന് പിന്നാലെ അര്‍പ്പിതയുടെ ഒരു ഓഡി ഹോണ്ടയുടെ രണ്ടു കാറുകള്‍, ഒരു ബെന്‍സ് കാര്‍ എന്നിവയാണ് കാണാതായത്. കാറുകളില്‍ നിറച്ച് പണം ഉണ്ടായിരുന്നതായാണ് ഇ.ഡി.ഉദ്യോഗസ്ഥര്‍ പറയുന്നത്. അര്‍പ്പിതയുടെ അറസ്റ്റിനിടെ ഒരു വെള്ള ബെന്‍സ് കാര്‍ പിടിച്ചെടുത്തതായി ഇ.ഡി.അറിയിച്ചിരുന്നു.
കാണാതായ വാഹനങ്ങള്‍ കണ്ടെത്തുന്നതിന് വ്യാപകമായി സിസിടിവി പരിശോധനകളും റെയ്ഡുകളും നടത്തിവരികയാണ് ഇ.ഡി. അര്‍പ്പിതയ്ക്ക് നിരവധി ഫ്ളാറ്റുകള്‍ സ്വന്തമായിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിലൂടെ വ്യക്തമായിരിക്കുന്നത്. അതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ ഏരിയയിലെ ക്ലബ്ടൗണ് ഹൈറ്റ്സില്‍ അര്‍പ്പിതയ്ക്ക് രണ്ട് ഫ്ളാറ്റുകള്‍ ഉണ്ട്. ഇതില്‍ ഒരു ഫ്ളാറ്റില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡില്‍ 30 കോടി രൂപയും ആറ് കിലോയോളം സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഫ്ളാറ്റില്‍ നിന്ന് ഒന്നും കണ്ടെടുക്കാനായിട്ടില്ലെന്നാണ് ഇ.ഡി. അധികൃതര്‍ പറയുന്നത്.
അര്‍പ്പിതയുടെ ടോളിഗഞ്ചിലെ മറ്റൊരു ഫ്ളാറ്റില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന പരിശോധനയില്‍ 21.2 കോടി രൂപ, 54 ലക്ഷത്തിന്റെ വിദേശ കറന്‍സി, 79 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. ഇതുവരെ പിടിച്ചെടുത്ത തുകയും ആഭരണങ്ങളും കേന്ദ്രസേനയുടെ സംരക്ഷണയില്‍ ബാങ്കിലേക്ക് മാറ്റിയിരിക്കുകയാണ്.
അര്‍പ്പിതയുടേത് അമ്പരപ്പിക്കുന്ന വളര്‍ച്ച
ബെല്‍ഘാരിയയിലെ മധ്യവര്‍ത്തി കുടുംബത്തിലെ ഒരു സാധാരണ പെണ്‍കുട്ടി ഒന്നരപ്പതിറ്റാണ്ടുകൊണ്ട് അതിസമ്പന്നന്മാരുടെ ലോകത്തിലേക്ക് വളര്‍ന്ന കഥയാണ് അര്‍പ്പിത മുഖര്‍ജിയുടേത്. ഏതുവിധേനയും ആഡംബര ജീവിതം നയിക്കണമെന്ന ആഗ്രഹം ഒടുവില്‍ കൊണ്ടെത്തിച്ചത് അറസ്റ്റിലും നാണക്കേടിലും.
2004-ല്‍ മോഡലായി തുടക്കം. ഒന്നു രണ്ട് തമിഴ് സിനിമകളില്‍ അവസരം കിട്ടി. പിന്നെ ഒഡിയ സിനിമകളായി പ്രധാന തട്ടകം. ക്രമേണ ബംഗാളി സിനിമയിലും അവസരം കിട്ടി. പ്രസന്‍ജിത് ചാറ്റര്‍ജിയെപ്പോലുള്ള സൂപ്പര്‍ താരങ്ങളോടൊപ്പംവരെ അഭിനയിച്ചു. സിനിമയും രാഷ്ട്രീയവും തമ്മില്‍ വളരെ അടുപ്പമുള്ള പശ്ചിമ ബംഗാളില്‍ പിന്നെ ഉന്നതരാഷ്ട്രീയക്കാരുമായി ചങ്ങാത്തമായി.
പാര്‍ഥ ചാറ്റര്‍ജി മുഖ്യരക്ഷാധികാരിയായ നാക്തല ഉദയന്‍ സംഘപൂജാ സമിതിയുടെ പ്രചാരണ പോസ്റ്ററുകളിലും സംഗീത ആല്‍ബത്തിലും പ്രധാനചിത്രം അര്‍പ്പിതയുടേതായിരുന്നു. പാര്‍ഥ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അര്‍പ്പിത സജീവമായി പ്രചാരണ രംഗത്തെത്തി. ജൂലായ് 21-ലെ തൃണമൂല്‍ റാലിയുടെ വേദിയിലും അര്‍പ്പിത ഇരിക്കുന്ന ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 2019-ല്‍ നാക്തല പൂജ ഉദ്ഘാടനംചെയ്ത സമയത്ത് മുഖ്യമന്ത്രി മമത അര്‍പ്പിതയുമായി കുശലപ്രശ്നം നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അര്‍പ്പിതയുടെ അച്ഛന് ഏതാനും വര്‍ഷം മുമ്പ് മരിച്ചു. അമ്മ മിനതി മുഖര്‍ജി ബെല്‍ഘാരിയയിലെ പഴയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. അര്‍പ്പിത പുതിയ ആഡംബര വസതിയിലേക്ക് മാറിയകാലം മുതല്‍ ഈ വീട്ടിലേക്കുള്ള വരവ് അപൂര്‍വമായി മാറിയെന്നാണ് അമ്മ പറയുന്നത്. മകള്‍ ഇത്രയേറെ പണം സമ്പാദിച്ചത് എങ്ങനെയെന്നറിയില്ലെന്നും അവര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..