ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുതായും കെ.ശിവന്‍ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍.

2022 ഓടെയാകും ഗഗന്‍യാന്‍ ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗന്‍യാന്റെ പല സിസ്റ്റങ്ങളും പരീക്ഷിക്കേണ്ടതുണ്ട്. ക്രൂ പരിശീലനമാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍-3 പദ്ധതി അടുത്ത വര്‍ഷം വിക്ഷേപിച്ചേക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞത്. ചന്ദ്രയാന്‍-2 പദ്ധതി വന്‍ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയില്‍ 2300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും കെ.ശിവന്‍ അറിയിച്ചു.

Content Highlights: government has approved Chandrayan-3, 4 astronauts identified for Gaganyaan mission-Isro chief K Sivan