ഭുവനേശ്വർ: രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ പാകിസ്താന്‍ ഏജന്‍റ് എന്ന് സംശയിക്കുന്ന ആള്‍ക്ക് ചോർത്തി നൽകിയ നാല് പേർ ഒഡീഷയിൽ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) കരാർ ജീവനക്കാരെയാണ് ബലാസൂർ സ്പെഷ്യൽ പോലീസ് അറസ്റ്റ് ചെയ്തത്. 

ബസന്ത ബെഹെറ, എസ് കെ ഫുസാഫിർ, പ്രകാശ് ബെഹെറ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയുടെ പേര് പോലീസ് പുറത്തു വിട്ടിട്ടില്ല. വളരെ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് ഇവർ കൈമാറിയതെന്നാണ് വിവരം. നാല് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് കിഴക്കൻ റേഞ്ചിലുള്ള ഇൻസ്പെക്ടർ ജനറൽ ഹിമാൻഷു കുമാർ ലാൽ പറഞ്ഞു. 

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ഡിആർഡിഒയിലെ ചിലർ വിദേശ വ്യക്തികളുമായി തെറ്റായവിധത്തിലുള്ള ആശയവിനിമയം നടത്തുന്നുണ്ടെന്നും നിരവധി ഐ എസ് ഡി കോളുകളിൽ കൂടി പാക് ഏജന്റുമാരെ ബന്ധപ്പെട്ടതായും രഹസ്യാന്വേഷണ വിഭഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ചെന്നും തുർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേർ അറസ്റ്റിലായതെന്നും ബലാസുർ പോലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 

തെറ്റായ രീതിയിൽ പണം സമ്പാദിക്കാൻ വേണ്ടിയാണ് ഇവർ ഇത്തരത്തിൽ രഹസ്യങ്ങൾ ചോർത്തി നൽകിയത്. ഇവരിൽനിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ചണ്ഡിപുർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

2014ലും ബലാസൂറിൽ സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈശ്വ ബെഹെറ എന്ന കോൺട്രാക്ട് ഫോട്ടോഗ്രാഫറെ ആയിരുന്നു അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 

Content highlights: 4 Arrested For Leaking Defence Info To Suspected Pak Agents