ന്യൂഡല്‍ഹി: 18 നും 45 നും ഇടെ പ്രായമുള്ള റെയില്‍വെ ജീവനക്കാര്‍ക്കും സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കണമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ. 4.32 ലക്ഷം റെയില്‍വെ ജീവനക്കാര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. അവശേഷിക്കുന്നവര്‍ക്ക് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി പിടിഐ  വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രം നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണിത്.

റെയില്‍വെ ജീവനക്കാരെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിവിധ യൂണിയനുകള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മുന്‍ഗണനാ വിഭാഗത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ക്ക് മാത്രമെ കേന്ദ്രം നല്‍കുന്ന സൗജന്യ വാക്‌സിന്‍ നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. സംസ്ഥാനങ്ങള്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ക്ക് സ്വന്തം നിലയില്‍ വാക്‌സിന്‍ സംഭരിച്ച് നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

45 വയസിനുമേല്‍ പ്രായമുള്ള ജീവനക്കാര്‍ക്കും മെഡിക്കല്‍ സ്റ്റാഫ്, ആര്‍പിഎഫ് എന്നിവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ റെയില്‍വെ വാക്‌സിന്‍ നല്‍കിയത്. അത് വിജയകരമായി പൂര്‍ത്തിയായി. 18 നും 45 നുമിടെ പ്രായമുള്ള റെയില്‍വെ ജീവനക്കാര്‍ക്കാണ് ഇനി വാക്‌സിന്‍ ലഭിക്കാനുള്ളത്. അവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ കുത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനങ്ങളിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതും ഓക്‌സിജന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ ഓടിക്കുന്നതും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതും റെയില്‍വെ ആണ്. അതിനാല്‍ റെയില്‍വെ ജീവനക്കാരുടെ വാക്‌സിന്‍ കുത്തിവെപ്പ് എത്രയുംവേഗം നടത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. റെയില്‍വെ ജീവനക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും പ്രശ്‌നത്തിന് എത്രയുംവേഗം പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ മുന്‍ഗണനാ വിഭാഗത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തമമെന്ന് തങ്ങള്‍ക്ക് തീരുമാനിക്കാനാവില്ലെന്ന് റെയില്‍വെ മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രത്യേക സമിതിയാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര - സംസ്ഥാന പോലീസ് സേനകളില്‍ ഉള്ളവര്‍, സായുധ സേനാംഗങ്ങള്‍, ഹോം ഗാര്‍ഡുകള്‍, ജയില്‍ ജീവനക്കാര്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധ സംഘാംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍, മുനിസിപ്പല്‍ ജീവനക്കാര്‍, കണ്ടെയ്ന്‍മെന്റ് - നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റെവന്യൂ ജീവനക്കാര്‍ തുടങ്ങിയവരാണ് നിലവില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളത്.

ജൂണ്‍ 30നകം തങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കണമെന്ന അന്ത്യശാസനം ഓള്‍ ഇന്ത്യ സ്‌റ്റേഷന്‍ മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്. തീവണ്ടി സര്‍വീസുകള്‍ നിയന്ത്രിക്കുന്ന റെയില്‍വെ ജീവനക്കാരാണ് തങ്ങളെന്ന് കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറിക്ക് അയച്ച കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടയിരുന്നു. അതിന് കഴിയാത്തപക്ഷം വാക്‌സിന്‍ കുത്തിവെക്കാത്ത ജീവനക്കാര്‍ക്ക് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ മറ്റു പോംവഴിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇതുവരെ 2000ത്തോളം റെയില്‍വെ ജീവനക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആയിരത്തോളം പേര്‍ക്ക് ദിവസവും കോവിഡ് ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: 4.32 lakh rlymen vaccinated; insisting on state govts to inoculate remaining: Rly Board chairman