ന്യൂഡല്‍ഹി: രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 15 ദിവസമായി തുടര്‍ച്ചയായി കുറയുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,22,426 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അവര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ 33,53,765 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ 13 ശതമാനം മാത്രമാണിത്. മെയ് 13 ന് രാജ്യത്തെ ആക്ടീവ് കേസുകളുടെ നിരക്ക് 17 ശതമാനം ആയിരുന്നുവെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.

പ്രതിദിനം 10,000ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന എട്ട് സംസ്ഥാനങ്ങളാണ് നിലവില്‍ രാജ്യത്തുള്ളത്. 26 സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണം. മെയ് ഏഴിന് 4,14,188 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കായിരുന്നു ഇത്. അതിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്.

2,63,553 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ ഉള്ളത് മൂന്ന് സംസ്ഥാനങ്ങളില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. 6,03,660 സജീവ കേസുകളുള്ള കര്‍ണാടകയാണ് ഏറ്റവും മുന്നില്‍. മഹാരാഷ്ട്ര (4,48,000 കേസുകള്‍) തൊട്ടുപിന്നിലുണ്ട്. കേരളം (3,62,675 കേസുകള്‍) ആണ് മൂന്നാം സ്ഥാനത്ത്. രാജ്യത്തെ 199 ജില്ലകളില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കുറയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: 4,22,436 recoveries reported in the last 24 hours, the highest-ever for the country