കൊറോണ വാർഡിൽ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ഡോക്ടർമാർ | ഫോട്ടോ: കെ അബൂബക്കർ | മാതൃഭൂമി
ന്യൂഡല്‍ഹി: കോവിഡ് മൂലം മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബേയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാരിന്റെ നടപടിയില്‍ സംഘടനയുടെ വിയോജിപ്പ് വ്യക്തമാക്കികൊണ്ട് ഐഎംഎ കത്തയച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഐഎംഎ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
കോവിഡ് മൂലം ജീവത്യാഗം ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത കാണിക്കുകയാണെന്ന് ഐഎംഎ ആരോപിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇത്രധികം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജീവന്‍ നഷ്ടപ്പെട്ട മറ്റൊരു രാജ്യമില്ല. ഈ കാര്യങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.
കോവിഡ് ബാധിച്ച മൊത്തം ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും കണക്കുകളും അവരില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന വിവരവും സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ 1897ലെ ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കാനുള്ള ധാര്‍മിക അധികാരം സര്‍ക്കാരില്ലെന്നും ഐഎംഎ കത്തില്‍ പറയുന്നു.
ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് പോരാളികള്‍ എന്ന് വിളിച്ച സര്‍ക്കാരില്‍ നിന്നാണ് ഇത്തരം നടപടികള്‍ ഉണ്ടായിരിക്കുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 383 ഡോക്ടര്‍മാരാണ്. കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ പട്ടിക അസോസിയേഷന്‍ പ്രസിദ്ധീകരിച്ചു. മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് സഹായം നല്‍കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മരിച്ച ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങളും കുട്ടികളും സര്‍ക്കാരില്‍ നിന്ന് സാന്ത്വനവും നഷ്ടപരിഹാരവും അര്‍ഹിക്കുന്നതായും ഐ.എം.എ ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Content Highlight: 382 doctors dead due to Covid:IMA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..