ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന 308 പാകിസ്താന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഈ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ നടക്കുന്നതെന്നും പോലീസ് പറയുന്നു.
"പാകിസ്താനില്‍ നിന്നുള്ള 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടര്‍ റാലിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്നതായുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നും മറ്റ് ഏജന്‍സികളില്‍നിന്നുമായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്", ഡല്‍ഹി പോലീസ് ഇന്റലിജന്‍സ് വിഭാഗം കമ്മീഷണര്‍ ദേപേന്ദ്ര പതക് പറഞ്ഞു. ജനുവരി 13നും 18നും ഇടയില്‍ പാകിസ്താനില്‍നിന്ന് നിര്‍മിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 26ന് നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും നിലനിന്നിരുന്നു. കര്‍ഷക സംഘടനാ പ്രതിനിധികളും ഡല്‍ഹി പോലീസും തമ്മില്‍ പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഡല്‍ഹി പോലീസ് കര്‍ശന വ്യവസ്ഥകളോടെ ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ. ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് സമരക്കാര്‍ ഡല്‍ഹി പോലീസിന് സമര്‍പ്പിക്കുകയും റാലി സമാധാനപരമായിരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ഡല്‍ഹി അതിര്‍ത്തിക്കു പുറത്ത് സമരം തുടരുന്ന കര്‍ഷകര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാന്‍ പാടുള്ളൂ. ശക്തമായ പോലീസ് സന്നാഹവും ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.
Content Highlights: 308 Twitter handles from Pakistan creating confusion over tractor march- Police