ന്യൂഡല്‍ഹി: സ്വാശ്രയത്വ ഇന്ത്യയുടെ രണ്ടാംഘട്ടത്തില്‍ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 30,000 കോടി രൂപയുടെ അധിക സഹായം കൂടി നല്‍കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. 

ഗ്രാമീണ ബാങ്കുകളിലൂടെയും സഹകരണ സംഘങ്ങളിലൂടെയുമാണ് ഈ പണം വായ്പയായി നല്‍കുക. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ 2.5 കോടി കര്‍ഷകര്‍ക്ക് വായ്പാസഹായം നല്‍കും. ഇതിനായി രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികളെയും ക്ഷീരകകര്‍ഷകരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 

നാല് ലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരണം ചെയ്തയായി മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നു കോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ കിട്ടി. നബാര്‍ഡ് വഴി 29600 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കിയെന്നും  മന്ത്രി പറഞ്ഞു. സ്വാശ്രയത്വ ഇന്ത്യയുടെ രണ്ടാംഘട്ടത്തില്‍ ഒമ്പത് പദ്ധതികളാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് പുറമേ, കുടിയേറ്റ തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കുള്ള പദ്ധതികളും  മന്ത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. 

Content Highlights: 30000 crore for farmers through nabard