ന്യൂഡൽഹി: രാജ്യത്തെ 30 കോടി ജനങ്ങൾക്ക് അടുത്ത വർഷം ഓഗസ്റ്റോടെ കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. 

കോവിഡ് സുരക്ഷാ ബോധവത്‌കരണത്തിന്റെ ഭാഗമായി പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിൽ മാസ്കും സോപ്പും വിതരണം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസംസാരിക്കുകയായിരുന്നു മന്ത്രി.

'അടുത്ത വർഷം ആദ്യ മൂന്ന്-നാല് മാസത്തിനുള്ളിൽ വാക്സിൻ ജനങ്ങൾക്ക് നൽകാൻ നമുക്ക് കഴിഞ്ഞേക്കും. ജൂലായ്-ഓഗസ്റ്റ് മാസത്തോടെ 25-30 കോടി ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് കേന്ദ്ര പദ്ധതി. ഇതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്' ഹർഷ വർധൻ പറഞ്ഞു.

മാസ്ത് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡം എല്ലാവരും പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ നമ്മുടെ ശക്തമായ ആയുധം മാസ്കും സാനിറ്റൈസറുമാണെന്നും മന്ത്രി ഓർമപ്പെടുത്തി.

ലോകത്ത് കോവിഡ് മുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു. 2020 ജനുവരിയിൽ കേവലം ഒരു ലബോറട്ടറി മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നിപ്പോൾ 2,165 ലാബുകൾ രാജ്യത്തുടനീളമുണ്ട്. ദിനംപ്രതി 10 ലക്ഷത്തിലേറെ പേർക്ക് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

content highlights:COVID-19: 30 Crore People To Be Vaccinated By August 2021, Says Health Minister