ഒഡിഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനുകൾ |ഫോട്ടോ:AFP
ന്യൂഡല്‍ഹി: ഇതുവരെ ആയി 261 പേരുടെ ജീവന്‍ പൊലിഞ്ഞ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി റെയില്‍വേ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ട്രാക്കിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും റെയില്‍വേ വ്യക്തമാക്കി. ഗോപാല്‍പുര്‍,,ഖന്തപറ, ബാലസോര്‍, ഭദ്രക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റ 900 ത്തോളം പേരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
അപകടത്തില്‍പ്പെട്ട കൊല്‍ക്കത്ത-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസില്‍ 1257 റിസര്‍വ്ഡ് യാത്രക്കാരും യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസില്‍ 1039 റിസര്‍വ്ഡ് യാത്രികരും ഉണ്ടായിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ റിസര്‍വ് ചെയ്യാത്ത നിരവധി യാത്രക്കാരും ഇരുട്രെയിനുകളിലും ഉണ്ടായിരുന്നു. ഇവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
അതിനിടെ അപകടം എങ്ങനെ സംഭവിച്ചു എന്നകാര്യത്തില്‍ വിശദീകരണം റെയില്‍വെ അധികൃതരുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. എന്നാല്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിയ ശേഷമാണോ ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചതെന്നും അതല്ല നേരിട്ട് ഇടിക്കുകയായിരുന്നോ എന്നത് സംബന്ധിച്ചും റെയില്‍വേയോ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളോ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല.
'കൊല്‍ക്കത്ത-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിനാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ബഹാനഗ ബസാര്‍ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം. ഈ സ്റ്റേഷനില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന് സ്റ്റോപ്പില്ലായിരുന്നു. ട്രെയിന്‍ അതിന്റെ പരമാവധി വേഗതയിലാണ് വന്നിരുന്നത്. ഇതിനിടെ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 21 കോച്ചുകള്‍ പാളം തെറ്റിയിരുന്നു. ഇതില്‍ മൂന്ന് കോച്ചുകള്‍ മറ്റൊരു ട്രാക്കിലേക്ക് തെറിച്ചെത്തി. മിനിറ്റുകള്‍ക്കകം ഈ ട്രാക്കില്‍ യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് എത്തുകയും കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളില്‍ കൂട്ടിയിടിക്കുകയുമായിരുന്നു. യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസിന്റെ പിന്നിലെ രണ്ട് കോച്ചുകളും പാളം തെറ്റി. രണ്ട് ട്രെയിനുകളും നല്ല വേഗതയിലായിരുന്നു'കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു..
എന്നാല്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ലൈനില്‍ കിടന്ന ഗുഡ്‌സ് ട്രെയിനില്‍ നേരിട്ട് ഇടിച്ചതാണെന്ന സംശയവും ചില റെയില്‍വേ വിദഗ്ദ്ധര്‍ ഉന്നയിക്കുന്നുണ്ട്. ഗുഡ്‌സ് ട്രെയിനിന് മുകളിലാണ് കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ എന്‍ജിന്‍ കിടക്കുന്നത് എന്നതാണ് ഈ സംശയത്തിന് പിന്നില്‍.
വൈകീട്ട് 6.50നും 7.10 നും ഇടയിലുള്ള മിനിറ്റുകള്‍ക്കുള്ളിലാണ് രാജ്യത്തെ നടുക്കിയ വന്‍ദുരന്തം ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും വ്യക്തമാക്കുന്നത്.
മരിച്ചവരില്‍ പലരേയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടേത് ഉണ്ടെന്ന് റിപ്പോര്‍ട്ടില്ലെന്ന് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുമാര്‍ ജയന്ത് പറഞ്ഞു. അഞ്ജാത മൃതദേഹങ്ങളുടെ ഒരു വന്‍നിര തന്നെ ഒഡീഷയില്‍ ആശുപത്രികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: 3 Trains, Disaster In Mere Minutes: How Odisha Accident Happened


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..