പുല്‍വാമ: ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മയില്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെയാണ് വധിച്ചത്. ഇതില്‍ ഒരാള്‍ ഇസ്മയില്‍ അല്‍വി എന്നറിയപ്പെടുന്ന ഫൗജിഭായി ആണെന്നാണ് വിവരം. 

പുല്‍വാമയിലെ കങ്കന്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. 

2019-ല്‍ പുല്‍വാമയിലുണ്ടായ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബോംബുകള്‍ നിര്‍മിച്ച് നല്‍കിയത് ഇസ്മായില്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജെയ്‌ഷെ വിഭാഗത്തിന്റെ സ്‌ഫോടന വിദഗ്ധനാണ് ഇയാള്‍. കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ സൈന്യം തകര്‍ത്ത ചാവേര്‍ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ഇസ്മായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ട സൈന്യത്തിന് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്നും നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 

Content Highlights: 3 Terrorists Killed in Pulwama in an encounter