ചെന്നൈ: മറീനാ ബീച്ചിൽ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. നിർജലീകരണംകാരണം 200-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണികൾക്ക് ത്രില്ലടിപ്പിക്കുന്ന അനുഭവമാകുമെന്ന് കരുതിയ ആഘോഷം ദുരന്തമായി മാറിയ കാഴ്ചക്കാണ് ചെന്നൈ മറീന ബീച്ച് സാക്ഷ്യം വഹിച്ചത്.

To advertise here,

92-ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാ​ഗമായാണ് മറീന ബീച്ചിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. കുടുംബങ്ങളടക്കം നിരവധി പേർ രാവിലെ 11 മണിയോടെ അഭ്യാസ പ്രകടനങ്ങൾ കാണാനെത്തിയിരുന്നു. ഒട്ടുമിക്കയാളുകളും കനത്ത ചൂടിൽ കുടയുംചൂടിയാണ് നിന്നിരുന്നത്. ഇതിനിടെയാണ് മൂന്നുപേർ മരിച്ചതെന്നാണ് റിപ്പോർട്ട്. പെരുങ്കളത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവോത്തിയൂർ സ്വദേശി കാർത്തികേയൻ (34), കൊരുക്കുപേട്ട് സ്വദേശി ജോൺ (56) എന്നിവരാണ് മരിച്ചത്. 

ട്രാഫിക് അധികൃതരുടെ മോശം ഏകോപനമാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം. മറീന ബീച്ചിൽ തടിച്ചുകൂടിയ ജനക്കൂട്ടം പരിപാടിക്ക് ശേഷം പിരിഞ്ഞുപോകാൻ പാടുപെടുമ്പോൾ നഗരത്തിൻ്റെ പല ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 16 ലക്ഷത്തോളം ആളുകളെ അണിനിരത്തി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടായിരുന്നു എയർ ഷോ സംഘടിപ്പിച്ചത്. 

അഭ്യാസ പ്രകടനം രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ തുടർന്നു. വ്യോമാഭ്യാസ പ്രകടനം കാണാനായി രാവിലെ 8 മണിമുതൽ തന്നെ ആളുകൾ മറീന ബീച്ചിലേക്കെത്തിത്തുടങ്ങിയിരുന്നു. കത്തുന്ന സൂര്യനെപ്പോലും വകവെയ്ക്കാതെയാണ് ഏവരും വ്യോമാഭ്യാസ പ്രകടനങ്ങൾ ആസ്വദിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രായമായ നിരവധിയാളുകൾ കടുത്ത ചൂട് കാരണം ബോധരഹിതരായി. ഇതിനിടെ ബീച്ചിന് സമീപത്ത് വെള്ളം വിൽക്കുന്നവരെ അധികൃതർ ഒഴിപ്പിച്ചതോടെ എയർ ഷോയ്ക്കെത്തിയവർക്ക് വെള്ളംപോലും കിട്ടാത്ത അവസ്ഥയുമുണ്ടാക്കി.

ഷോ അവസാനിച്ചപ്പോൾ, വൻ ജനക്കൂട്ടം കാമരാജർ ശാലയിലേക്ക് ഒരേസമയം പുറത്തിറങ്ങാൻ ശ്രമിച്ചു. ഇത് ഗതാഗതം പൂർണമായും നിലയ്ക്കുന്നതിലേക്കും നയിച്ചു. എയർ ഷോയിൽ സ്‌പെഷ്യൽ ഗരുഡ് ഫോഴ്‌സ് കമാൻഡോകളുടെ രക്ഷാപ്രവർത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉൾപ്പെടുത്തിയിരുന്നു.