ന്യൂഡല്‍ഹി: ഓക്സഫഡ് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്ന ഇടവേള മൂന്ന് മാസമായി വര്‍ധിപ്പിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തി കൂട്ടുമെന്ന് പഠനം. ആദ്യ ഡോസിന് 76 ശതമാനം ഫലപ്രാപ്തി നല്‍കാന്‍ കഴിയുമെന്നാണ് പഠനം വിശദീകരിക്കുന്നത്. ലാന്‍സൈറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിക്കുന്നത് തമ്മിലുള്ള ഇടവേള മൂന്നുമാസം വരെ സുരക്ഷിതമായി വര്‍ധിപ്പിക്കാമെന്ന് പഠനം നിര്‍ദേശിക്കുന്നു. 

ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിൻ വികസനത്തിന് നേതൃത്വം നല്‍കിയത്. വാക്‌സിന്‍ ഡോസ് തമ്മിലുള്ള ഇടവേള വര്‍ധിക്കുന്നത് വാക്‌സിന്‍ വിതരണം കുറഞ്ഞ രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും, വാക്‌സിന്‍ ലഭ്യമാക്കാന്‍ അധിക സമയം ലഭിക്കുന്നു, കൂടാതെ കൂടുതല്‍ ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ എത്തിക്കാനും സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ആദ്യ ഡോസ് സ്വീകരിച്ചാല്‍ വൈറസിനെതിരെ പ്രതിരോധം ലഭിക്കുമെങ്കിലും ദീര്‍ഘകാല പ്രതിരോധത്തിനായി രണ്ടാം ഡോസും സ്വീകരിക്കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.

യു.കെ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 17,178 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. 

Content Highlights: 3-Month Gap Between Oxford Vaccine Jabs Gives Better Efficacy