ലഖ്‌നൗ: മുംബൈയില്‍ നിന്നും ബിഹാറിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ഇന്ന് രാവിലെ കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. 

അപകടത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, കുടിയേറ്റത്തൊഴിലാളികളായ ഏഴംഗസംഘം കാര്‍ ബുക്ക് ചെയ്താണ് മുംബൈയില്‍ നിന്നും ബിഹാറിലേക്ക് യാത്രപുറപ്പെട്ടത്. ഇന്നോവ കാറിലായിരുന്നു യാത്ര. രാത്രി യാത്രയ്ക്കിടെ ക്ഷീണം തോന്നിയതിനാല്‍ വാഹനം റോഡിനരികില്‍ പാര്‍ക്ക് ചെയ്ത് എല്ലാവരും ഉറങ്ങുകയായിരുന്നു. എന്നാല്‍ അമിത വേഗത്തിലെത്തിയ ട്രക്ക് കാറിനെ ഇടിച്ചുതെറിപ്പിച്ചു. മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. നാല് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവര്‍ ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.  ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ  അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. 

Content Highlights: 3 migrant workers, on their way from Mumbai to Bihar, crushed by dumper truck in UP