മുംബൈ: മഹാരാഷ് ട്ര സെക്രട്ടേറിയറ്റിലെ എലികളെ ഉന്മൂലനം ചെയ്യാനുള്ള കരാര്‍ വിവാദത്തിലേക്ക്.

കരാറുകാര്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെ. 

ഏഴ് ദിവസം കൊണ്ട് തങ്ങള്‍ സെക്രട്ടേറിയേറ്റിലെ മൂന്ന് ലക്ഷത്തിലധികം എലികളെ കൊന്നുവെന്ന കരാര്‍ കമ്പനിയുടെ വാദമാണ് ഖഡ്‌സെയെ ചൊടിപ്പിച്ചത്. 

ഇതെങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം നിയമസഭയില്‍ ചോദിച്ചു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തിലെ ആറ് ലക്ഷം എലികളെ കൊന്നത് രണ്ടു വര്‍ഷം കൊണ്ടാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. 

സെക്രട്ടറിയേറ്റിലെ എലികളെ കൊല്ലാന്‍ ആറു മാസമാണ് കരാറില്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ 3,19,400 എലികളെ ഒരാഴ്ചകൊണ്ട് കൊന്ന് തീര്‍ത്തെന്നാണ് കരാറുകാരുടെ വാദം. ഇവരുടെ വാദമനുസരിച്ച്  ദിനം പ്രതി ശരാശരി 45,628 എലികളേയും മിനിറ്റില്‍ 31 എലികളേയും വീതം കൊന്നിട്ടുണ്ടാകണം.

സെക്രട്ടറിയേറ്റില്‍ നിന്ന് ദിവസം 9,125.71 കിലോയോളം തൂക്കം വരുന്ന ചത്ത എലികളെ പുറത്തെത്തിക്കുകയും വേണ്ടതാണ്. എന്നാല്‍ ഈ എലികളെയെല്ലാം ഇവര്‍ എവിടെ തള്ളിയെന്നോ എപ്പോള്‍ കൊണ്ടുപോയെന്നോ ആര്‍ക്കും അറിയില്ലെന്നും ഖഡ്‌സെ പറഞ്ഞു. ഇങ്ങനെയുള്ള കരാര്‍ കമ്പനിയെ ഏല്‍പ്പിക്കുന്നതിന് പകരം പത്ത് പൂച്ചകളെ ഏല്‍പിക്കുന്നതായിരുന്നു നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

എലിയെക്കൊല്ലാന്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ സൂക്ഷിച്ച വിഷം കഴിച്ചാണ്‌ ഫെബ്രുവരിയില്‍ ധര്‍മ പട്ടീല്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും ഖാഡ്‌സെ ആരോപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരത്തിലായിരുന്നു പാട്ടീല്‍.