സൂര്യപേട്ട്(തെലങ്കാന): തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ കല്യാണത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കല്യാണത്തിനിടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൂര്യപേട്ട് സ്വദേശിയായ അജയും ആന്ധ്രയിലെ കൊടാട് മണ്ഡല്‍ സ്വദേശിയായ ഇന്ദ്രജയും തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഭവം. ഒക്ടോബര്‍ 29 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. 

വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടെ ഗ്രാമത്തില്‍ വിവാഹ ഘോഷയാത്ര നടത്തുന്നത് സംബന്ധിച്ച് വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയും ഇരുവിഭാഗങ്ങളും പരസ്പരം കസേരകള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. പോലീസുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്‌.

പരിക്കേറ്റവരോട് പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പോലീസ് സ്‌റ്റേഷനിലെത്തിയ ഇവര്‍ വരനും വധുവിനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവര്‍ ഒരുമിച്ച്‌ ജീവിക്കുകയാണെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും വ്യക്തമാക്കി.

കല്യാണ പന്തലില്‍ കസേരകള്‍ ഉപയോഗിച്ച് തമ്മിലടിക്കുന്ന ബന്ധുക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് കണ്ടത്‌.

content highlights: 3 Injured As Bride And Groom's Families Throw Chairs At Telangana Wedding