ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പൊളിച്ചു മാറ്റേണ്ടി വരുന്നത് ചരിത്ര പ്രാധാന്യമുള്ള  ഡല്‍ഹിയിലെ മൂന്ന് കെട്ടിടങ്ങള്‍. നാഷണല്‍ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്‌സ്, നാഷണല്‍ ആര്‍ക്കൈവ്‌സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടി വരിക. 

ഇവയ്ക്കു പുറമേ ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, വിജ്ഞാന്‍ ഭവന്‍, ഉപരാഷ്ട്രപതിയുടെ വസതി, ജവഹര്‍ ഭവന്‍, നിര്‍മാണ്‍ ഭവന്‍, ഉദ്യോഗ് ഭവന്‍, രക്ഷാഭവന്‍ എന്നിവയും പൊളിച്ചുനീക്കും. 4,58,820 ചതുരശ്രമീറ്റര്‍ കെട്ടിടമാണ് ആകെ പൊളിച്ചുമാറ്റുക. 

അമൂല്യമായ നിരവധി ശില്‍പങ്ങള്‍, പ്രതിമകള്‍, നാണയങ്ങള്‍, ചിത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലമാണ് നാഷണല്‍ മ്യൂസിയം. ഇവയെല്ലാം നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് സൗത്ത് ബ്ലോക്കിലേക്ക് മാറ്റും. നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ പ്രധാന കെട്ടിടം തകര്‍ക്കില്ല. അനക്‌സ് കെട്ടിടം പൊളിച്ചുമാറ്റി പകരം പുതിയത് നിര്‍മിക്കും. 

45 ലക്ഷത്തോളം പുരാവസ്തു രേഖകളാണ് നാഷണല്‍ ആര്‍ക്കൈവ്‌സിലുളളത്. മുഗള്‍ രാജവംശക്കാലത്തെ രേഖകളുള്‍പ്പെടെയുള്ള ചരിത്ര രേഖകള്‍ പൂര്‍ണമായും സുരക്ഷിതമായി മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. 

ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിലുള്ള പൈതൃക ശേഖരങ്ങള്‍ താല്‍ക്കാലികമായി ജന്‍പത് ഹോട്ടലിലെ സംവിധാനത്തിലേക്കാവും മാറ്റുക. 

20,000 കോടി രൂപ ചെലവിലാണ് സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും ഔദ്യോഗിക വസതികളും ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.