ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഓഫീസിലെ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഓഫീസ് അടച്ച് ഇവരെ ക്വാറന്റീനിലാക്കി.  ഇതിനുപുറമെ തമിഴ്‌നാട് സെക്രട്ടേറിയേറ്റിലെ 40 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ചെന്നൈയിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു.  കോടതി നടപടികള്‍ വീണ്ടും ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഇതിനിടെ തമിഴ്‌നാട് സെക്രട്ടേറിയേറ്റിലെ 40 ജീവനക്കാര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ രോഗവ്യാപനം തീവ്രമായ സാഹചര്യത്തിലേക്ക് പോകുന്ന അവസ്ഥയെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറന്നിട്ടില്ല.  എന്നാല്‍ റെസ്റ്റൊറന്റുകളില്‍ ആളുകള്‍ ഭക്ഷണം ഇരുന്ന്‌ കഴിക്കുന്ന സാഹചര്യമുണ്ട്. 

നിലവില്‍ 31,000 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ചെന്നൈയില്‍ മാത്രം 20,000 കേസുകളാണ് ഉള്ളത്.

Content Highlights: 3 employees in Tamilnadu CM's office confirmed COVID-19