ചെന്നൈ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഗ്രാമത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി സംഗീത പരിപാടി നടത്തിയതിന് നാട്ടുകൂട്ടത്തിന് മുന്നിൽ സാഷ്ടാംഗം ക്ഷമ യാചിക്കാൻ ആവശ്യപ്പെട്ട സംഭവം വിവാദത്തിൽ. സംസ്ഥാനത്ത് നിലനിൽക്കുന്ന ജാതിവിവേചനത്തിന്റെ തെളിവാണ് സംഭവമെന്നാണ് ആരോപണം.സംഭവം വിവാദമായതിനെ തുടർന്ന് എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തു

തമിഴ്നാട്ടിലെ വില്ലുപുരത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. മെയ് 12 തിരുവെണ്ണൈനല്ലൂരിന് സമീപമുളള ഒറ്റനന്ദൽ ഗ്രാമത്തിലുളള ദളിത് കുടുംബങ്ങൾ തങ്ങളുടെ ഗ്രാമദേവതയ്ക്കായി ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിന് അനുമതി തേടിയിരുന്നു. ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുനടത്താനാണ് അനുമതി ലഭിച്ചതെങ്കിലും ചടങ്ങിൽ പങ്കെടുക്കാനായി നിരവധി പേരെത്തി.

ഇക്കാര്യം പോലീസ് ശ്രദ്ധയിൽ പെടുത്തിയതോടെ പോലീസ് സംഭവസ്ഥലത്തെത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. സംഘാടകരെ തിരുവെണ്ണൈനല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് മാപ്പപേക്ഷ എഴുതിയ വാങ്ങിയ പോലീസ് പിന്നീട് ഇവരെ വിട്ടയച്ചു. എന്നാൽ ഗ്രാമത്തിൽ തിരിച്ചെത്തിയ ഇവരോട് മെയ് 14ന് നടക്കുന്ന നാട്ടുകൂട്ടത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.

നാട്ടുകൂട്ടത്തിന് മുമ്പിൽ ഹാജരായ ഇവരോട് തങ്ങളുടെ അനുമതിയില്ലാതെ ഇത്തരം ചടങ്ങു സംഘടിപ്പിച്ചതിന് കാലിൽ വീണ് മാപ്പ് അപേക്ഷിക്കാനാണ് നാട്ടുകൂട്ടം ആവശ്യപ്പെട്ടത്. ഇതുപ്രകാരം തിരുമൽ, സന്താനം, അറുമുഖം എന്നിവർ സാഷ്ടാംഗം വീണ് മാപ്പുചോദിക്കുകയായിരുന്നു.