ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് കൊറോണവൈറസ് വാക്‌സിനുകള്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വാക്‌സിന്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഓരോ ഇന്ത്യക്കാരിലേക്കും അത് എത്തുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 74-ാം സ്വാതന്ത്ര്യദിനാഘോഷ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസോബധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
'മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഗവേഷകര്‍ മുന്നോട്ടുപോകുമ്പോള്‍ ഉത്പാദനത്തിനുള്ള ഒരു പദ്ധതിയുമായി ഞങ്ങള്‍ തയ്യാറാണ്. വാക്‌സിന്‍ ഓരോ ഇന്ത്യക്കാരനും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ വിതരണം ചെയ്യാം എന്നതിനായി ഞങ്ങള്‍ ഒരു റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്'- മോദി പറഞ്ഞു.
ശാസ്ത്രജ്ഞര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയാലുടന്‍, രാജ്യം വലിയ തോതിലുള്ള ഉദ്പാദനം ആരംഭിക്കും. - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാരത് ബയോടെക് ഇന്റര്‍നാണഷണല്‍, സിഡസ് കാഡില, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉത്പാദനത്തിനായുള്ള പരീക്ഷണത്തിലേര്‍പ്പെട്ടിട്ടുള്ളത്. ഭാരത് ബയോടെക് ഇന്റര്‍നാഷണലിന് മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Content Highlights: 3 coronavirus vaccines in India in different testing stages, roadmap ready for production- PM Modi