ന്യൂഡല്‍ഹി: കഴിഞ്ഞ ആറുദിവസത്തിനിടയില്‍ രാജ്യത്ത് വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍. രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് മൂന്നരക്കോടിയിലധികം വാക്‌സിന്‍ ആറുദിവസത്തിനുളളില്‍ വിതരണം ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദത്തിലുളള വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചത്. ഇതുവരെ 50 പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിലുളള കോവിഡ് ബാധ സ്ഥിരീകരിച്ചത്. 

രാജ്യത്തെ വാക്‌സിന്‍ വിതരണം വിശദമായി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാക്‌സിന്‍ വിതരണത്തെ സംബന്ധിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്തതിനെ കുറിച്ചുളള കൃത്യമായ വിവരവും അവര്‍ പങ്കുവെച്ചു. വരും മാസങ്ങളിലെ വാക്‌സിന്‍ വിതരണത്തിനായും വാക്‌സിന്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനായും സ്വീകരിച്ച നടപടികളെ കുറിച്ചും യോഗത്തില്‍ വിശദമായി പ്രതിപാദിച്ചു. 

വാക്‌സിന്‍ വിതരണം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് വിവരിച്ച ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ എന്‍ജിഒകളെയും മറ്റു സംഘടനകളെയും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. 

രാജ്യത്ത് 16 ജില്ലകളില്‍ 45 വയസ്സില്‍ കൂടുതല്‍ പ്രായമുളള 90 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 128 ജില്ലകളില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളള അമ്പതുശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ വിതരണത്തിലെ വേഗതയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി വരും ആഴ്ചകളിലും ഇതേ വേഗത തുടര്‍ന്ന് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു. 

Content Highlights: 3.77 crore doses have been administered in last 6 days