ഷിംല: ജമ്മുവിലെ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലെ പതിനൊന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയത് ചുമയുടെ മരുന്നെന്ന് റിപ്പോര്‍ട്ട്. ColdBest-PC എന്ന ചുമയുടെ മരുന്നിന്റെ 3,400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്.
2019 സെപ്റ്റംബര്‍ മുതല്‍ 2020 ജനുവരി വിറ്റു പോയ കുപ്പികളുടെ കണക്കാണിത്. കഫ് സിറപ്പിന്റെ ഒരു കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്. ഒരു തവണത്തെ ഡോസില്‍ 5-6 മില്ലി മരുന്ന് അകത്ത് ചെല്ലുകയാണെങ്കില്‍ 10-12 ഡോസാകുമ്പോള്‍ രോഗി മരിക്കാനിടയാകുമെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്‍ട്രോളര്‍ നവ്‌നീത് മാര്‍വ അറിയിച്ചതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വില്‍പനരസീതുകളുടെ അടിസ്ഥാനത്തില്‍ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്നും നവ്‌നീത് മാര്‍വ അറിയിച്ചു. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് കഫ് സിറപ്പ് വിപണിയിലെത്തിച്ചത്. ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, മേഘാലയ, ത്രിപുര എന്നിവടങ്ങളിലായി 5,500 കുപ്പികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വിപണിയിലെത്തിച്ചിരുന്നു.
ഡിസംബറിനും ജനുവരിക്കുമിടയില്‍ മരുന്ന് കഴിച്ച 17 കുട്ടികളെ അസ്വസ്ഥകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസ്തംഭനത്തെ തുടര്‍ന്ന് ഇതില്‍ പതിനൊന്ന് കുട്ടികള്‍ മരിച്ചു. ചുമയ്ക്ക് നല്‍കിയ മരുന്നാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. മരുന്നില്‍ ഡൈഥലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കുട്ടികളുടെ മരണകാരണമായെതെന്നാണ് നിഗമനം.
വിറ്റ മരുന്നുകുപ്പികളില്‍ 1,500 എണ്ണം മാര്‍ക്കറ്റില്‍ നിന്ന് തിരികെ ലഭിച്ചതായി നവ്‌നീത് മാര്‍വ അറിയിച്ചു. മരുന്ന് നിര്‍മാണകമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികളുടെ മരണകാരണം ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയുടെ മരുന്നാണെന്ന് തെളിഞ്ഞാല്‍ കമ്പനിയ്ക്ക് ഉത്തരവാദിത്തം ഏല്‍ക്കേണ്ടതായി വരും.
മരുന്ന് നിര്‍മാണത്തിനുപയോഗിക്കുന്ന ഘടകങ്ങള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ദ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഡനൈസേഷന്‍(CDSCO) നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
Content Highlights: 3,400 bottles of cough syrup suspected to have contained a poisonous compound
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..