ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. 2700 ടണ്‍ സ്വര്‍ണശേഖരം സോന്‍പഹാഡിയിലും 650 ടണ്‍ സ്വര്‍ണശേഖരം ഹാര്‍ഡിയിലും ഉണ്ടെന്നാണ് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം. വ്യാഴാഴ്ച ഏഴംഗസംഘം സോന്‍ഭദ്ര സന്ദര്‍ശിച്ചതായി ജില്ലാതല ഖനന ഓഫീസര്‍ കെ.കെ.റായി അറിയിച്ചു. 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറയുന്നു. സാധാരണഗതിയില്‍ ഖനനം ചെയ്യാനുള്ള എളുപ്പത്തിനായി ഖനികളെല്ലാം ചെറുകുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് ഖനനം തുടങ്ങാനാവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. യുപിയിലെ വിന്‍ധ്യാന്‍, ബുന്ദേല്‍ഖണ്ഡ് ജില്ലകള്‍ സ്വര്‍ണം, വജ്രം, പ്ലാറ്റിനം, ലൈംസ്റ്റോണ്‍, ഗ്രാനൈറ്റ്, ഫോസ്‌ഫേറ്റ്, ക്വാര്‍ട്‌സ്, ചൈന ക്ലേ എന്നിവയാല്‍ സമ്പുഷ്ടമാണ്. 

പുതിയ സ്വര്‍ണശേഖരത്തിന്റെ കണ്ടെത്തല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കാതലായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തുന്നത്. 

Content Highlights:3,350 tonne gold deposits found in UP's Sonbhadra districts