ന്യൂഡല്‍ഹി:  ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ഥികളില്‍ നിന്നുള്ള 3,000 പേര്‍ ശ്രീലങ്കയിലേക്ക് മടങ്ങും. അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ഇവരെ ശ്രീലങ്കയിലേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയാക്കും. അഭയാര്‍ഥികളെ ശ്രീലങ്കയില്‍ പുനരധിവസിപ്പിക്കുകയാണ് ചെയ്യുക. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

പുനരധിവസിപ്പിക്കേണ്ടവരില്‍ ആദ്യ ബാച്ചിനെ നിശ്ചയിച്ചു കഴിഞ്ഞു. എന്നാല്‍ എന്നത്തേക്ക് ഇവരെ ശ്രീലങ്കയില്‍ എത്തിക്കുന്ന നടപടി പൂര്‍ത്തിയാക്കുമെന്ന കാര്യം ദിനേശ് ഗുണവര്‍ധന വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ 90,000 ശ്രീലങ്കന്‍ തമിഴ് വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 60,000 പേരെ തിരികെ സ്വീകരിക്കാന്‍ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. 30,000 പേര്‍ ഇന്ത്യയില്‍ ജോലി ചെയ്ത് ജീവിക്കുകയോ കുടുംബമായി താമസിക്കുകയോ ചെയ്യുകയാണ്. ഇവരില്‍ ചിലര്‍ ശ്രീലങ്കയിലേക്ക് തിരികെ പോകാന്‍ താത്പര്യപ്പെടുന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭയാര്‍ഥികളുടെ തിരിച്ചുവരവും അനുരഞ്ജന ശ്രമങ്ങളും പ്രധാനമാണെന്നും ഇന്ത്യ തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ദിനേശ് ഗുണവര്‍ധന പറഞ്ഞു. കരാറും ധാരണയും അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlights: 3,000 Tamil Refugees to Return to Sri Lanka in Next Few Months, Says Foreign Minister