ന്യൂഡല്‍ഹി: ഡി.എം.കെ. നേതാക്കളായ എ. രാജയും കനിമൊഴിയും പ്രതികളായ 2 ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട കേസുകളില്‍ സി.ബി.ഐ. പ്രത്യേകകോടതി അൽപസമയത്തിനകം വിധി പറയും. സി.ബി.ഐ. പ്രത്യേക ജഡ്ജി ഒ.പി. സെയ്‌നിയാണ് വിധി പറയുന്നത്.

2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നാണ് സി എ ജി കണ്ടെത്തിയിരുന്നത്. സി ബി ഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് ഇന്ന് പ്രത്യേക വിചാരണക്കോടതി പ്രസ്താവിക്കുക.

മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനിടെയാണ് ദേശീയ- തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള വിധി പുറത്തെത്തുക.

മാനദണ്ഡങ്ങള്‍ പാലിക്കാതെ, 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക്  2 ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. കേസ്. ഈ ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

സി.ബി.ഐ. ഫയല്‍ചെയ്ത ആദ്യ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും പ്രതികളാണ്.

രണ്ടാം സി.ബി.ഐ. കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോമിന്റെ കിരണ്‍ ഖെയ്താന്‍, ഭര്‍ത്താവ് ഐ.പി. ഖെയ്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതികളാണ്.

കൂടാതെ കള്ളപ്പണം വെളുപ്പിക്കലിന് 2014-ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 19 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഇതില്‍ രാജ, കനിമൊഴി തുടങ്ങിയവര്‍ പ്രതികളാണ്.