ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു പിന്നാലെ പുതിയ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനായി വ്യോമസേന ഈടാക്കിയത് കോടികള്‍. ഇന്ത്യന്‍ വ്യോമസേനയുടെ അള്‍ട്രാ മോഡേണ്‍ വിമാനങ്ങളായ സി-17, സി-130ജെ സൂപ്പര്‍ ഹെര്‍കുലിസ് തുടങ്ങിയ ഉപയോഗിച്ചാണ് നോട്ടുകൾ വിതരണം ചെയ്തത്. ഇതിനായി വ്യോമസേന 29.41 കോടി രൂപ ഈടാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. റിട്ടയേർഡ് കമ്മഡോർ ലോകേഷ് ബത്രയ്ക്കു വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് വ്യോമസേന ഇക്കാര്യങ്ങള്‍ അറിയിച്ചത്.
2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. ഇതോടെ 86 ശതമാനത്തോളം കറന്‍സികളും പിന്‍വലിക്കപ്പെട്ടു. 2016 നവംബറില്‍ 1716.5 കോടി 500 രൂപാ നോട്ടുകളും 685.8 കോടി 1000 രൂപ നോട്ടുകളുമാണുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കി കുറവു നികത്തുകയായിരുന്നു ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെ വന്‍തുക ചിലവഴിച്ച് അള്‍ട്രാ മോഡേണ്‍ വിമാനങ്ങള്‍ ഉപയോഗിച്ചു പണം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍നിര ഗതാഗത വിമാനങ്ങളായ സി 17ഉം സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസും ഉപയോഗിച്ച് 91 യാത്രകളിലൂടെയാണ് പ്രിന്റിങ് പ്രസ്സുകളില്‍ നിന്നുള്ള കെട്ടുകണക്കിനു വരുന്ന കറന്‍സികള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ എത്തിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡി മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുമാണ് 29.41 കോടി രൂപ സേവനത്തിനായി വ്യോമസേന ഈടാക്കിയത്.
നോട്ടുനിരോധനത്തിനു പിന്നാലെ പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ അച്ചടിക്കുന്നതിനായി 7965 കോടിയാണ് ആര്‍ബിഐ ചെലവഴിച്ചത്.