അഹമ്മദാബാദ്: നഗരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന രണ്ട് സൈറ്റുകളിലെ 227 തൊഴിലാളികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ പിഎസ്പി പ്രോജക്ട്‌സിന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍(എഎംസി) കാരണം കാണിക്കല്‍ നോട്ടീസയച്ചു. സാമൂഹികാകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിങ്കളാഴ്ച നോട്ടീസയച്ചത്. 

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഓഗസ്റ്റ് 13 ന് പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചതിന് നിര്‍മാണക്കമ്പനിയുടെ മേല്‍ ഒരു കോടി രൂപ പിഴ ചുമത്താതിരിക്കാന്‍ വ്യക്തമായ കാരണം മൂന്ന് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹികാകലം കൃത്യമായി പാലിക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ മേല്‍നോട്ടം നിര്‍വഹിക്കാന്‍ കോഡിനേറ്ററെ നിയമിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എഎംസി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 

അഹമ്മദാബാദ് ഐഐഎം, താല്‍ടെജില്‍ നിര്‍മാണം നടക്കുന്ന മാള്‍ എന്നിവടങ്ങളിലെ തൊഴിലാളികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തൊഴിലാളികള്‍ തങ്ങുന്ന സ്ഥലത്ത് എഎംസി അധികൃതര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ ഇവര്‍ക്കിടയില്‍ സാമൂഹികാകലത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും അഭാവം കണ്ടെത്തിയിരുന്നു. നിര്‍മാണക്കമ്പനി കോവിഡ് കോഡിനേറ്ററെ നിയമിച്ചിരുന്നുമില്ല. തുടര്‍ന്ന് 1,050 തൊഴിലാളികള്‍ക്ക് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് 277 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്. 

തൊഴിലാളികള്‍ക്ക് നടത്തിയ പരിശോധനയുടെ ചെലവ് എഎംസിയാണ് വഹിച്ചതെന്നും പിഴയിനത്തില്‍ ലഭിക്കുന്ന തുക മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കോവിഡ് രോഗികളുടെ ചികിത്സാനിധിയിലേക്ക് നീക്കിയിരുത്തുമെന്നും എഎംസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

 

Content Highlights: 277 workers test positive in Gujarat construction firm gets Rs 1-crore notice