പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക്.ഫോട്ടോ;ട്വിറ്റർ
ജയ്പുര്‍:പ്രവാചകവിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചുവെന്നതിന്റെ പേരില്‍ ഉദയ്പുരിലെ തയ്യല്ക്കടക്കാരന് കനയ്യലാലിനെ തലയറത്തുകൊന്നതിന് പിടിയിലായ പ്രതികള്‍ ഉപയോഗിച്ച ബൈക്കിന്റെ നമ്പര്‍പ്ലേറ്റിലും ദുരൂഹതയുണ്ടെന്ന് പോലീസ്. 2611 എന്ന പ്രത്യേക നമ്പര്‍ കിട്ടാന്‍ പ്രതികള്‍ അധിക പണം നല്‍കിയെന്നും ഇതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. മുബൈ ഭീകരാക്രമണം നടന്ന 26/11 ദിവസവും പ്രതികളുടെ ബൈക്ക് നമ്പറും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പോലീസ് സംശയിക്കുന്നത്.
കൊലചെയ്യപ്പെട്ട ദിവസത്തേയും പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വിവരങ്ങളേയും കണക്കുകൂട്ടുമ്പോഴും വണ്ടി നമ്പറില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കനയ്യലാലിന്റെ ശരീരത്തില്‍ 26 പരിക്കുണ്ട്. 26 മുറിവുകളുമുണ്ട്. മാത്രമല്ല 28-ാം തീയതിയാണ് കനയ്യലാല്‍ കൊല്ലപ്പെടുന്നത്. ഇത് ബൈക്കിന്റെ ആദ്യ രണ്ട് അക്കവും അടുത്ത രണ്ട് അക്കവും കൂട്ടിയാല്‍ കിട്ടുന്ന സഖ്യയുമാണെന്ന് പോലീസ് പറയുന്നു.
പ്രതികള്‍ക്ക് പാക്കിസ്താന് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പോലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ആര്.ജെ. 27 എ.എസ് 2611 ആണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കിന്റെ നമ്പര്‍. 2013-ല്‍ എച്ച്.ഡി.എഫ്.സിയില്‍ നിന്ന് ലോണെടുത്താണ് പ്രതികളിലൊരാളായ റിയാസ് അക്താരി ഈ ബൈക്ക് വാങ്ങിയത്. ഇതേ നമ്പര്‍ കിട്ടാന്‍ 5000 രൂപ അധികം നല്‍കുകയും ചെയ്തു. 2014 മാര്‍ച്ച് മുതല്‍ ബൈക്കിന് ഇന്‍ഷൂറന്‍സ് ഇല്ലെന്നും പോലീസ് പറയുന്നു.
2014-ല്‍ റിയാസ് നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഇയാളുടെ മൊബൈല്‍ഫോണ്‍ പാക്കിസ്താനില്‍ നിന്നും ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. കനയ്യലാലിനെ കൊലപ്പെടുത്തിയ ശേഷം ഇതേ ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെയായിരുന്നു റിയാസ് അക്താരിയേയും, ഘോസ്് മുഹമ്മദിനേയും ഉദയ്പുരില്‍ നിന്നും 45 കി.മി അകലെ രജ്സാമന്ദ് ജില്ലയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഉദയ്പുര്‍ പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ഈ ബൈക്കുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..