പനജി: ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജില്‍  ഒറ്റ ദിവസം മരിച്ചത് 26 കോവിഡ് രോഗികള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കും ആറ് മണിക്കും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. ഓക്‌സിജന്റെ ലഭ്യതക്കുറവാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണേ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.

ഓക്‌സിജന്‍ സമയത്ത് ലഭ്യമല്ലാതെ വന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞഞു. എന്നാല്‍  സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആസ്പത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രി മാധ്യമങ്ങളോട് സമ്മതിച്ചു. തിങ്കളാഴ്ച ഗോവ മെഡിക്കല്‍ കോളേജിലേക്ക് 1,200 സിലിണ്ടറുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ ലഭിച്ചത് 400 സിലിണ്ടറുകള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരന്തം സംബന്ധിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. ഗോവ മെഡിക്കല്‍ കോളേജിലേക്കുള്ള ഓക്‌സിജന്‍ വിതരണം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: 26 Covid Patients Die at Goa Medical College