ന്യൂഡല്‍ഹി: ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികടന്ന് ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 250 പേരടങ്ങുന്ന ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ സംഘമാണ് വടക്കന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

27 ഇടങ്ങളില്‍നിന്നായി 250 തീവ്രവാദികള്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക്  പ്രവേശിക്കാന്‍ ശ്രമിക്കുന്നതായാണ് വിവരം. തീവ്രവാദത്തോടുള്ള പാകിസ്താന്റെ സമീപനത്തില്‍ ഇപ്പോഴും ഒരുവിധത്തിലുമുള്ള മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് സൈനികവക്താവ് വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയില്‍ തീവ്രവാദികളുടെ നീക്കം നിരീക്ഷിക്കുന്നതിന് സൈന്യം തീവ്രമായ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി മേഖലയിലുണ്ടാകുന്ന ഏതൊരു നീക്കവും വളരെ സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നതെന്നും അതിര്‍ത്തി വേലിയ്ക്കു സമീപമുള്ള സംശയകരമായ ഏതൊരു ചലനത്തിനു നേരെയും വെടിയുതിര്‍ക്കുമെന്നും സൈന്യം വ്യക്തമാക്കി. സൈന്യത്തിന്റെ നിരീക്ഷണ സംവിധാനത്തില്‍ വ്യക്തമായ തീവ്രവാദി സാന്നിധ്യം തിരിച്ചറിഞ്ഞതായും സൈന്യം പറയുന്നു.

ജമ്മു കശ്മീരിലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ അസ്വാരസ്യങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായും സൈന്യം ആരോപിക്കുന്നു. സംസ്ഥാനത്ത് ജനാധിപത്യം ശക്തിപ്പെടുന്നതിനെ പാകിസ്താന്‍ ഭയപ്പെടുന്നു. എന്നാല്‍ പാകിസ്താന്‍ അതില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നും സൈനിക വക്താവ് വ്യക്തമാക്കുന്നു.

Content Highlights: 250 terrorists trying to sneak into India, Army, Lashkar-e-Taiba, Jaishe-Muhammed