ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ മരിച്ചത് 25 രോഗികളാണ്. ലോ-പ്രഷര്‍ ഓക്‌സിജന്‍ ഉപയോഗിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

 

ആശുപത്രിയില്‍ ഇനി രണ്ടുമണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും 60-ലേറെ രോഗികള്‍ അപകടത്തിലാണെന്നും രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ആശുപത്രി അധികൃതര്‍ പറയുന്നു. 

'കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 25 രോഗികളാണ് മരിച്ചത്. അടുത്ത രണ്ടു മണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ ശേഷിക്കുന്നത്. വെന്റിലേറ്ററുകളും ബൈപാപ്പും(bipap) ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഐ.സി.യുവിലും എമര്‍ജന്‍സിയിലും മാന്വല്‍ വെന്റിലേഷനെയാണ് ആശ്രയിക്കുന്നത്. 60 രോഗികളുടെ ജീവന്‍ അപകടത്തിലാണ്. അടിയന്തരമായ ഇടപെടല്‍ ആവശ്യമുണ്ട്. ആശുപത്രിയില്‍ എത്രയും പെട്ടെന്ന് ഓക്‌സിജന്‍ എത്തിക്കണം.' പ്രസ്താവനയില്‍ ആശുപത്രി ഡയറക്ടര്‍ വ്യക്തമാക്കി.

ചെയര്‍മാന്റെ പ്രസ്താവനയെ തുടര്‍ന്ന് രണ്ടു മണിക്കൂറിനകംതന്നെ ഗംഗാ റാം ആശുപത്രിയിലേക്ക് ഓക്‌സിജന്‍ ടാങ്കറുകള്‍ പോവുന്നതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടു.

ഡല്‍ഹിയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രികളിലൊന്നാണ് ഗംഗാറാം. 500-ല്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാണിച്ച് നിരവധി സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവന്നിരുന്നു. നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചു.

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്കുളള ഓക്‌സിജന്‍ വിതരണം കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. 'ഡല്‍ഹിയില്‍ സര്‍ക്കാര്‍ കണക്കുകൂട്ടല്‍ പ്രകാരം പ്രതിദിനം 700 ടണ്‍ ഓക്‌സിജനാണ് വേണ്ടത്. കേന്ദ്രം നേരത്തേ 378 ടണ്‍ ആണ് ഡല്‍ഹിക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ കേസുകള്‍ വര്‍ധിക്കുകയും ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ ഇത് 480 ടണ്‍ ആയി കേന്ദ്രം ഉയര്‍ത്തിയിട്ടുണ്ട്.

'ഡല്‍ഹിക്ക് ഇതില്‍ കൂടുതല്‍ വേണം.' ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നിലവില്‍ വിതരണം ചെയ്യുന്നത് മതിയാകില്ലെങ്കിലും ഡല്‍ഹിക്കുളള ഓക്‌സിജന്‍ അളവ് വര്‍ധിപ്പിച്ചതിന് കെജ്‌രിവാള്‍ കേന്ദ്രത്തിന് നന്ദി അറിയിച്ചു.

ഓക്‌സിജനായി ഡല്‍ഹി മറ്റുസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചില സംസ്ഥാനങ്ങള്‍ വിതരണം അവസാനിപ്പിച്ചിരുന്നു. ഇതാണ് ഡല്‍ഹിയെ പ്രതികൂലമായി ബാധിച്ചത്.

Content Highlights:25 sickest patients have died ,Oxygen will last another two hours