കോവിഡും ലോക്ഡൗണും പോരാത്തതിന് കോവിന്‍ ആപ്പില്‍ കയറി വാക്‌സിന്‍ ലഭ്യതയെ കുറിച്ച് തിരഞ്ഞ് ഒരറ്റത്തും എത്തിച്ചേരാനാവാതെയുള്ള അമ്പരപ്പും മടുപ്പും. അങ്ങനെ എന്തു ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ ഇരിക്കുന്നതിനിടെയാണ് യാത്രാപ്രേമികള്‍ക്കായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ഒരു കിടിലന്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്. വെറും 1.29 ലക്ഷം രൂപയ്ക്ക് വന്‍ ഓഫറുകളുടെ ഒരു പാക്കേജ് ആയിരുന്നു പരസ്യത്തില്‍.   

24 ദിവസത്തേക്കുള്ള റഷ്യന്‍ യാത്രയുടെ പാക്കേജില്‍ ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ്, നാല് ദിവസം സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ താമസം. 20 ദിവസം മോസ്‌കോയില്‍. പ്രാതലും രാത്രിഭക്ഷണവും ലഭിക്കും, അതും ഇന്ത്യന്‍ ഭക്ഷണം. കൂടാതെ ഗൈഡ് ട്രെയിന്‍ ടിക്കറ്റ്, സ്വകാര്യ വാഹനം തുടങ്ങിയ സൗകര്യങ്ങള്‍ വേറെ. ഇതൊന്നുമല്ല പാക്കേജിന്റെ ഹൈലൈറ്റ്. പതിനെട്ട് വയസ് കഴിഞ്ഞ ഇതു വരെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സ്പുട്‌നിക് V യുടെ രണ്ട് ഡോസും വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റും യാത്രക്കൊപ്പം കിട്ടും. ഈ വിവരങ്ങളെല്ലാം പരസ്യത്തിലുണ്ട്. 

pamphlet
വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യം

വാക്‌സിനെടുക്കാത്ത വ്യക്തികളെ റഷ്യയിലെത്തിച്ച് സ്പുടിനിക് V ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അറേബ്യന്‍ നൈറ്റ്‌സ് എന്ന കമ്പനിയുടെ വക്താവ് അറിയിച്ചതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ പരസ്യം വ്യാജമാണെന്നും ഇത്തരം യാത്രകളൊന്നും കമ്പനി ഒരുക്കുന്നില്ലെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ ശനിയാഴ്ച അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. 

വാക്‌സിന്‍ ട്രിപ്പ് ഇപ്പോഴില്ലെന്നും മേയ് 29 ന് ആരംഭിക്കുന്ന റഷ്യന്‍ യാത്രക്കായി നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ യാത്ര നടപ്പാക്കുന്നതെന്നും പാക്കേജില്‍ വാക്‌സിന്‍ ഉള്‍പ്പെടുന്നില്ലെന്നും അതേ കമ്പനി ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ടിലുണ്ട്. വിദേശീയര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യം റഷ്യ നിരസിച്ചതിനാലാണ് വാക്‌സിന്‍ ഉള്‍പ്പെടുത്താത്തതെന്നും അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിനെടുക്കാന്‍ വേണ്ടി യാത്ര സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ തങ്ങള്‍ ആ പാക്കേജ് ഉപേക്ഷിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഗുണഭോക്താക്കളെ അറിയിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 

വാക്‌സിന്‍ ടൂറിസം എന്ന പദ്ധതി ഉണ്ടായിരുന്നതായും എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അത് പ്രാഥമികഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ചതായും എന്നാല്‍ ആശയത്തെ കുറിച്ചുള്ള സൂചന ഏതോ വിധത്തില്‍ പുറത്തു വന്നതോടെ വന്‍തോതില്‍ പ്രചരിക്കുകയായിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. പരസ്യം വ്യാജമാണെന്ന് അറിയിപ്പ് നല്‍കിയിട്ടും ഇന്ത്യയില്‍ നിന്ന് പാക്കേജിനെ കുറിച്ച് അന്വേഷിച്ച് ഫോണ്‍ വിളികള്‍ വരുന്നത് തുടരുകയാണെന്ന് കമ്പനി പറഞ്ഞു. കോവിഡ് വ്യാപനം തീവ്രമായതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പല രാജ്യങ്ങളിലും വിലക്കുണ്ട്. അതേ സമയം റഷ്യയില്‍ ഇന്ത്യാക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. 

Content Highlights: 24 days russian trip, 2 doses of Sputnik V Tour package for 1.29 lakh only