ന്യൂഡല്‍ഹി: ഡല്‍ഹിയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ 24,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആശുപത്രികളില്‍ കിടക്കകള്‍, ഓക്‌സിജന്‍, മരുന്ന് എന്നിവയുടെ ലഭ്യത വളരവേഗം കുറഞ്ഞുവരികയാണെന്നും ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാനത്ത് കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. കോവിഡ് കേസുകള്‍ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഡല്‍ഹിയിലെ ആശുപത്രികളിലും കിടക്കകള്‍, ഓക്‌സിജന്‍, റംഡെസിവിര്‍ എന്നിവയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്, കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 19,000 കേസുകളായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അത് 24,000 ആയി ഉയര്‍ന്നു. ഗുരുതരമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഡല്‍ഹിയില്‍ രോഗബാധാ നിരക്ക് 24 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അടുത്ത രണ്ട്-നാല് ദിവസങ്ങള്‍ക്കൊണ്ട് കൂടുതലായി 6,000 കിടക്കകള്‍ കൂടി ആവശ്യമാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

കോവിഡ് രാഗികളെ ചികിത്സിക്കാന്‍ തയ്യാറാകാത്ത ആശുപത്രികള്‍ക്കെതിരെയും ഒഴിവുള്ള കിടക്കകള്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താത്ത ആശുപത്രികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: 24,000 Cases In Delhi Today, Short On Oxygen, Beds- Arvind Kejriwal