റാഞ്ചി: തെലങ്കാനയില്‍നിന്ന് മടങ്ങിയെത്തിയ 22 കുടിയേറ്റ തൊഴിലാളികള്‍ ഛത്തീസ്ഗഡിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയി. മാവോയിസ്റ്റ് ബാധിതമായ ദന്തേവാഡ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്വന്തം ഗ്രാമമായ നഗാദിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ്  തൊഴിലാളികള്‍ക്കായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരുന്നതെന്ന് ദന്തേവാഡ ജില്ലാ കളക്ടര്‍ പറഞ്ഞു. 

"വ്യാഴാഴ്ച അരന്‍പൂരിലെത്തിയ ഇവരെയെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് രാത്രി പോലീസ് സ്റ്റേഷന്‍ പ്രദേശത്തുള്ള സ്ഥലത്ത് ഇവരെ നീരീക്ഷണക്കിലാക്കി. അവിടെനിന്നാണ് ഇവര്‍ രക്ഷപെട്ടത്." - കളക്ടര്‍ പറഞ്ഞു. 

47 തൊഴിലാളികളാണ് ആന്ധ്ര പ്രദേശില്‍നിന്നും തെലങ്കാനയില്‍നിന്നും ദന്തേവാഡയിലേക്ക് മടങ്ങിയെത്തിയതെന്നും കളക്ടര്‍ പറഞ്ഞു. ഗ്രാമങ്ങളിലേക്ക് അയക്കും മുമ്പ് അരണ്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. തൊഴിലാളികളിലാര്‍ക്കും കൊറോണ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്നും കളക്ടര്‍ പറഞ്ഞു.

ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അവര്‍ ഗ്രാമത്തില്‍ മടങ്ങിയെത്തിയിട്ടില്ല. 

Content Highlights: 22 migrant labourers escape from Covid-19 quarantine centre in Chhattisgarh