ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ നിന്ന് | Photo:PTI
ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായി 22 കര്‍ഷക യൂണിയനുകള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. 'സംയുക്ത സമാജ് മോര്‍ച്ച' എന്ന പേരില്‍ രൂപവത്കരിച്ച കര്‍ഷക സംഘടനകളുടെ പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.
പഞ്ചാബില്‍ മുന്നണിയെ നയിക്കുക ബല്‍ബീര്‍ സിങ് രാജേവലാകും. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഔദ്യോഗികമായി അറിയിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേര് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തിരിഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും നേതാക്കള്‍ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് സംയുക്ത സമാജ് മോര്‍ച്ച എന്ന പേരില്‍ 22 യൂണിയനുകള്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. സംയുക്ത സമാജ് മോര്‍ച്ച അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
'രാജ്യത്തുടനീളമുള്ള 400-ലധികം വ്യത്യസ്ത പ്രത്യയശാസ്ത്രളുള്ള സംഘടനകളുടെ വേദിയായ എസ്കെഎം (സംയുക്ത കിസാന്‍ മോര്‍ച്ച) കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കായി മാത്രം രൂപവത്കരിച്ചതാണ്. തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനമില്ല, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പോലും ധാരണയില്ല', എസ്കെഎം ഒമ്പതംഗ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലും മത്സരിക്കുമെന്നാണ് സംയുക്ത സമാജ് മോര്‍ച്ച നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പഞ്ചാബിലെ ജനങ്ങളില്‍ നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് രാജേവല്‍ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്മ, സംസ്ഥാനത്തുനിന്നുള്ള യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..