ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു കാരണവശാലും ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. 

കേരളത്തിലെ 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ അധികമാണെന്നും ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രതിദിനം 100 കോവിഡ് കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 62 ജില്ലകളാണുള്ളതെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഏതാനും ആഴ്ചകള്‍ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കോസുകളുടെ കുറവ് ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പൊതുവില്‍ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടെന്ന് ലവ് അഗര്‍വാള്‍ സമ്മതിച്ചു. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാകുമൈന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: 22 districts in the country where covid cases are on the rise; Seven in Kerala - Center