ജയ്പുര്‍: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാവാന്‍ ഒരുങ്ങി മായങ്ക് പ്രതാപ് സിങ്. ഇരുപത്തിയൊന്നുകാരനായ മായങ്ക് 2018 ലെ രാജസ്ഥാന്‍ ജ്യുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയാണ് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നത്. ജഡ്ജിമാര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനവും പ്രാധാന്യവുമാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചതെന്ന് മായങ്ക് പറയുന്നു.

2014 ലാണ് മായങ്ക് അഞ്ച് കൊല്ലത്തെ എല്‍എല്‍ബി കോഴ്‌സില്‍ പ്രവേശനം നേടിയത്. ഇക്കൊല്ലം ഏപ്രിലില്‍ പഠനം പൂര്‍ത്തിയാക്കി നിയമബിരുദം കരസ്ഥമാക്കിയ മായങ്ക് സംസ്ഥാന ജുഡീഷ്യല്‍ പരീക്ഷ അഭിമുഖീകരിച്ചു. നേരത്തെ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കാനുള്ള അടിസ്ഥാനപ്രായപരിധി 23 വയസായിരുന്നു. ഇക്കൊല്ലം അത്  21 ആയി കുറച്ചിരുന്നു. അതിനാല്‍ തനിക്ക് ഇക്കൊല്ലം തന്നെ പരീക്ഷയെഴുതാന്‍ സാധിച്ചുവെന്നും മായങ്ക്  പറഞ്ഞു. 

പ്രായപരിധിയില്‍ കുറവ് വരുത്തിയത് ജൂഡീഷ്യല്‍ സര്‍വീസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ സഹായമാവുമെന്നും ആദ്യ ശ്രമത്തില്‍ തന്നെ പരീക്ഷയില്‍ വിജയം നേടാനായതില്‍ സന്തോഷമുണ്ടെന്നും അതിന് സഹായിച്ച മാതാപിതാക്കളോടും അധ്യാപകരോടും നന്ദിയുണ്ടെന്നും മായങ്ക് അറിയിച്ചു. ജയ്പൂര്‍ മന്‍സരോവര്‍ സ്വദേശിയാണ് മായങ്ക്. 

 

Content Highlights: 21-year-old Jaipur boy set to become India's youngest judge