ബെംഗളൂരു : കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. 2,052 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 35 മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ബുധനാഴ്ച 1531 കേസുകളുണ്ടായിരുന്ന സ്ഥാനത്താണ് ഒരു ദിവസം കൊണ്ട് 34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഇതുവരെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 29.01 ലക്ഷമായി. മരിച്ചവരുടെ എണ്ണം 36,491 ആയി. 

കേസുകള്‍ കൂടുന്നതിനെത്തുടര്‍ന്ന് അതിർത്തിയില്‍ നിരീക്ഷണം ശക്തമാക്കി.കേരളവുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പരിശോധനയും നിയമങ്ങളും കർശനമാക്കാൻ കർണാടക മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.  അതിര്‍ത്തി കടക്കുന്നവരില്‍ ടെസ്‌റ്റും വാക്‌സിനേഷനും നിര്‍ബന്ധമാക്കാനും നിർദേശമുണ്ട്. 

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ദക്ഷിണ കന്നഡ, ചാമരാജ നഗര്‍, മൈസൂര്‍, കൊടഗു ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ സംസാരിച്ച് ശക്തമായ നടപടി കൈക്കൊള്ളാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാന്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുമെന്നും കോവിഡ് പരിശോധന ടെസ്റ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞു

വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 2052 കേസുകളില്‍ 506 എണ്ണവും ബെംഗളൂരുവില്‍ നിന്നാണ്. നിലവില്‍ 23, 253 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

content highlights: 2052 fresh covid cases in Karnataka