കൊല്‍ക്കത്ത: 2021-ല്‍ നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ റാലി നടക്കും. രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. 

ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന റാലിയെ മമതാ ബാനര്‍ജി അഭിസംബോധന ചെയ്ത് സംസാരിക്കും. റാലി നടുക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ തൃണമൂല്‍ പ്രവര്‍ത്തകരെ കൊണ്ട്‌ കൊല്‍ക്കത്ത നഗരം തിങ്ങി നിറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് ബിജെപി ശക്തിപ്രാപിക്കുന്നതിനിടെ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് മമതയുടെ ഇന്നത്തെ റാലിക്ക്. സര്‍ക്കസ് എന്നാണ് ബിജെപി റാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേ സമയം തങ്ങളുടെ റാലിയെ തകര്‍ക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മമത ആരോപിച്ചു. 

ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്നതിനെ അപേക്ഷിച്ച് 30 ശതമാനം ട്രെയിനുകള്‍ മാത്രമേ ഇന്ന് ഓടുന്നുള്ളൂവെന്നും റാലിയില്‍ പങ്കെടുക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകളെത്തുന്നത് തടയാനാണിതെന്നും അവര്‍ പറഞ്ഞു. 

അയ്യായിരത്തോളം പോലീസുകാരേയാണ് കൊല്‍ക്കത്തയില്‍ ഇന്ന് സുരക്ഷക്കായി അധികം നിയമിച്ചിരിക്കുന്നത്. ഇതിനിടെ ആളുകളില്‍ നിന്ന് വാങ്ങിയ പണം തൃണമൂല്‍ നേതാക്കള്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ നേതാക്കളെ ബസുകള്‍ തടഞ്ഞ് നിര്‍ത്തി റോഡില്‍ വലിച്ചിഴക്കുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ പോലീസ് കേസെടുത്തു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ വെല്ലുവിളികള്‍ ഇല്ലാതിരുന്ന മമതക്കും തൃണമൂലിനും ഇത്തവണ മുഖ്യ എതിരാളികള്‍ ബിജെപിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ ശേഷം ബിജെപിക്ക് തൃണമൂലിന്റെ നിരവധി എംഎല്‍എമാരേയും കൗണ്‍സിലര്‍മാരേയും പാര്‍ട്ടിയിലെത്തിച്ചു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ അണിയറ നീക്കങ്ങളുടെ പിന്‍ബലത്തിലാണ് 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിടുക.

Content Highlights: 2021 Kick off poll campaign- Mamata Banerjee To Kick Off Mega Kolkata Rally Today