ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരം പിടിക്കാനുറച്ച് ടി20 തന്ത്രവുമായി ബിജെപി. പാര്‍ട്ടിയുടെ ടി20 തന്ത്രത്തിന് ക്രിക്കറ്റുമായി ബന്ധമൊന്നുമില്ല. ഒരു പ്രവര്‍ത്തകന് 20 വീടുകള്‍ എന്ന ലക്ഷ്യമാണ് പാര്‍ട്ടി മുന്നോട്ടുവച്ചിരിക്കുന്നത്. മാത്രമല്ല എല്ലാ ബൂത്ത് തലങ്ങളിലും പുതിയതായി 20 പേരെ അംഗങ്ങളായി ചേര്‍ക്കണം. 

ഒരോവീട്ടിലുമെത്തി മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും നേട്ടങ്ങളെപ്പെറ്റിയും ബോധവത്കരണം നടത്തുകയെന്നതാണ് രീതി. കൂടാതെ പഴയ ചായ് പെ ചര്‍ച്ചയെ പുതുക്കി പൊടിതട്ടിയെടുക്കും. ഓരോ ബൂത്തിലും 10 യുവാക്കളെ വീതം സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെപ്പറ്റി ബോധവത്കരണം നടത്തണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. നമോ ആപ്പ് വഴിയുള്ള കൂടിക്കാഴ്ച, ബുത്ത് സമ്മേളനങ്ങള്‍ എന്നിവ ഇതോടൊപ്പം നടത്തും.

എംഎല്‍എമാര്‍, എംപിമാര്‍, പ്രാദേശിക നേതാക്കള്‍, ബൂത്ത് തലങ്ങളിലുള്ള പ്രവര്‍ത്തകര്‍ എന്നിവരോട് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ മേഖലയിലെ എല്ലാ ഗ്രാമങ്ങളിലും സന്ദര്‍ശനം നടത്തണം. കുറഞ്ഞത് 20 വീടുകളിലെങ്കിലും നേരിട്ടെത്തണമെന്നുമാണ് ബിജെപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി നേതാക്കളെ ഉദ്ദരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞതവണ നടത്തിയതിനേക്കാള്‍ കൂടുതല്‍ വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി ഇത്തവണ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. ഓരോ ബൂത്ത് തലത്തിലും നമോ ആപ്പിലേക്ക് 100 പേരെവീതം കൂട്ടിച്ചേര്‍ക്കുന്നതും ഇതിന്റെ ഭാഗമാണ്. ഓരോ ബൂത്തിലും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്ന പ്രത്യേക ടീമുകളെ നിയോഗിക്കും. കൂടാതെ ബൂത്ത് തലങ്ങളില്‍ പുതിയതായി 20 പേരെ ചേര്‍ക്കും. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ പ്രാതിനിധ്യം ഓരോ ബൂത്ത് തലത്തിലും ഉറപ്പാക്കുമെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വിശദമായ മറുപടി ഒരോ വീടുകളിലും എത്തിക്കും. ഇതിന് പുറമെ വിവിധ മാര്‍ഗങ്ങളില്‍ കൂടി ബിജെപിയുടെ മറുപടികള്‍ക്ക് പ്രചാരണം നല്‍കും. മാത്രമല്ല അഞ്ചുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടും അടുത്ത സര്‍ക്കാര്‍ എങ്ങനെയുള്ളതായിരിക്കുമെന്നുള്ളതിന്റെ ഏകദേശ വിവരങ്ങളും ഒരോവീടുകളിലുമെത്തിക്കാനും ബിജെപി പദ്ധതിയിട്ടിട്ടുണ്ട്. ബിജെപി അധികാരത്തില്‍ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കുമെന്നും നേതാക്കള്‍ പറയുന്നു. 

Content Highlights: BJP, Loksabha Election, Nrendra Modi