ബലിയ (യു.പി.): അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇസ്‌ലാമും ഭഗവാനും, പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പോരാട്ടങ്ങള്‍ക്കു സമാനമായിരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. സുരേന്ദ്രസിങ്. 

തിരഞ്ഞെടുപ്പില്‍ ഇസ്‌ലാം വിജയിക്കണോ ഭഗവാന്‍ വിജയിക്കണോയെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കുമെന്നും സുരേന്ദ്രസിങ് കൂട്ടിച്ചേര്‍ത്തു. 

'നിലവിലെ പ്രതിപക്ഷത്തിന് അടുത്ത തവണ സര്‍ക്കാരുണ്ടാക്കാനായാല്‍ അവരുടെ പെരുമ്പറയും കാഹളവും പാകിസ്താനുവേണ്ടിയായിരിക്കും മുഴങ്ങുക. ഭാരത ഭക്തിയും വിഭജനശക്തികളും  തമ്മിലുള്ള പോരാട്ടമായിരിക്കും അടുത്ത തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരിക്കല്‍ ഹിന്ദുരാഷ്ട്രമാകുമ്പോള്‍ തങ്ങളുടെ സംസ്‌കാരത്തിലേക്കു വരുന്നവര്‍ക്കേ രാജ്യത്ത് നില്‍ക്കാനാകൂയെന്ന എം.എല്‍.എ.യുടെ മുന്‍പരാമര്‍ശം വിവാദമായിരുന്നു. 

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ 17-കാരി ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ എം.എല്‍.എ.യായ കുല്‍ദീപ് സിങ് സെംഗാറിനെ പിന്തുണച്ചതിന്റെ പേരിലും സുരേന്ദ്രസിങ് വിവാദത്തിലായിരുന്നു.