ജെപി നഡ്ഡ, യെദ്യൂരപ്പ. photo: ANI
ബെംഗളൂരു: ഭരണവിരുദ്ധ വികാരവും സംസ്ഥാന പാര്‍ട്ടിക്കുള്ളിലെ കലഹങ്ങളും തീര്‍ത്ത വെല്ലുവിളി മോദിയുടെ വ്യക്തിപ്രഭാവംകൊണ്ടു മാത്രം മറികടക്കാന്‍ സാധിക്കില്ലെന്നതാണ് കര്‍ണാടകയിലെ ഫലം ബിജെപിക്ക് നല്‍കുന്ന പാഠം. പ്രചാരണത്തിന്റെ തുടക്കം മുതല്‍ കര്‍ണാടകയില്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നില്ല. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മുതിര്‍ന്ന പല നേതാക്കളെയും ഒഴിവാക്കിയതോടെ ഉയര്‍ന്ന പൊട്ടിത്തെറിയും ബിജെപിക്ക് തിരിച്ചടിയായി. കേന്ദ്ര-സംസ്ഥാന പാര്‍ട്ടി നേതൃത്വം അവഗണിച്ചതോടെ മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി ഉള്‍പ്പെടെയുള്ള വിശ്വസ്തരായ നേതാക്കള്‍ അവസാന നിമിഷം കോണ്‍ഗ്രസ് പാളയത്തിലേക്ക് ചുവടുമാറിയതും ബിജെപി സ്വപ്‌നങ്ങളെ തകിടംമറിച്ചു.
2019ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍നിന്ന് കൂറുമാറിയെത്തിയ 17 എംഎല്‍എമാരില്‍ (14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍, മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാര്‍) ഭൂരിഭാഗം പേര്‍ക്കും ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നു. കൂറുമാറിയെത്തിവര്‍ക്ക് സീറ്റ് നല്‍കിയിട്ടും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളെ അവഗണിച്ചുവെന്ന കാര്യവും സീറ്റ് നിഷേധത്തില്‍ പ്രതിഷേധമുയര്‍ത്തിയ ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൂറുമാറിയെത്തിയ 13 കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ക്ക് 2019 ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി വലിയ വിജയം നേടിയ ബിജെപിയുടെ തന്ത്രം പക്ഷേ ഇത്തവണ തെറ്റി. കര്‍ണാടകയിലുടനീളം ആഞ്ഞുവീശിയ കോണ്‍ഗ്രസ് കാറ്റില്‍ കൂറുമാറിയെത്തിയ പലരും നിലംപതിച്ചു.
കൂറുമാറിയെത്തിയ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ മത്സരിച്ച അത്താനി, കഗ്‌വാഡ്, ചിക്കബല്ലാപൂര്‍, ഹൊസാകോട്ട, കൃഷ്ണരാജ്‌പേട്ട് എന്നീ മണ്ഡലങ്ങളിലെല്ലാം ബിജെപി തോറ്റു.
നിലവിലെ എംഎല്‍എയായ മഹേഷ് കുമതള്ളി അത്തനി മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ലക്ഷ്മണ്‍ സാവഡിയാണ് സിറ്റിങ് മണ്ഡലം ബിജെപിക്ക് നഷ്ടമാക്കിയതെന്നും ശ്രദ്ധേയമായി. സാവഡി 69 ശതമാനത്തോളം വോട്ട് പെട്ടിയിലാക്കിയപ്പോള്‍ സിറ്റിങ് സീറ്റില്‍ ബിജെപിയുടെ വോട്ട് 28 ശതമാനമായി കുറഞ്ഞു. കഗ്‌വാഡ് മണ്ഡലത്തില്‍ ബിജെപിയുടെ ശ്രീമാന്തഗൗഡ പാട്ടീല്‍ കോണ്‍ഗ്രസിന്റെ ബരംഗൗഡയോടും ചിക്കബല്ലാപൂരില്‍ ബിജെപിയുടെ കെ സുധാകര്‍ കോണ്‍ഗ്രസിന്റെ പ്രദീപ് ഈശ്വരിനോടും തോറ്റു. ഹൊസാകോട്ട മണ്ഡലവും ബിജെപിക്ക് നഷ്ടമായി. എന്‍ നാഗരാജുവാണ് ഇവിടെ ബിജെപിക്കായി മത്സരിച്ചത്. കൃഷ്ണരാജ്‌പേട്ടില്‍ ജെഡിഎസില്‍നിന്ന് കൂറുമാറിയ നാരായണ്‍ ഗൗഡയും തോറ്റു. ജെഡിഎസ് സ്ഥാനാര്‍ഥിയായ എച്ച്ടി മഞ്ജുവിനോടായിരുന്നു തോല്‍വി.
അതേസമയം കൂറുമാറിയവരില്‍ രമേശ് ജാര്‍ക്കിഹോളി (ഗോകാക്ക്), ശിവരാം ഹെബ്ബര്‍ (യെല്ലൂപൂര്‍), ബിഎ ബസവരാജ (കെആര്‍ പുര), എസ്ടി സോമശേഖര്‍ (യെശ്വന്തപുര), കെ ഗോപാലയ്യ (മഹാലക്ഷ്മി ലോഔട്ട്) എന്നിവര്‍ കോണ്‍ഗ്രസ് തരംഗത്തിനിടയിലും വീഴാതെ പിടിച്ചുനിന്നു. കൂറുമാറിയ ചില നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളിലെ ഫലങ്ങള്‍ ഇനിയും പുറത്തുവരാനുമുണ്ട്.
കോണ്‍ഗ്രസിന്റെ കുതിപ്പിനിടെയും ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വലിയ തോല്‍വി ഏറ്റുവാങ്ങി. ബിജെപി സീറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ഷെട്ടാര്‍ ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി. സ്ഥാനാര്‍ഥിയായ മഹേഷ് തെങ്കിനക്കൈയോടാണ് തോറ്റത്. അതേസമയം ഷെട്ടാറിനൊപ്പം തന്നെ ബിജെപി വിട്ട മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി അത്തനിയില്‍ നിന്ന് വിജയം നേടി. ഇരുവര്‍ക്കും ബിജെപി സീറ്റ് നിഷേധിച്ചത് പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന ലിംഗായത്ത് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയും ചെയ്തു. 2018ല്‍ ലിംഗായത്ത് ഭൂരിപക്ഷ മേഖലകളിലുള്ള 41 സീറ്റുകളില്‍ ജയിച്ച ബിജെപി ഇത്തവണ 22 സീറ്റുകളിലേക്ക് ചുരുങ്ങി. 2018ല്‍ ഈ മേഖലകളില്‍ 22 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് 41 സീറ്റുകളിലേക്കും ലീഡ് ഉയര്‍ത്തി. ലിംഗായത്ത് വിഭാഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചുവെന്ന് ഇതില്‍നിന്നു തന്നെ വ്യക്തം.
മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആകെ 20 സിറ്റിങ് എം.എല്‍.എ.മാരെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ബിജെപി ഇത്തവണ ഒഴിവാക്കിയത്. 50ലേറെ പുതുമുഖങ്ങള്‍ക്കും അവസരം നല്‍കി. ഗുജറാത്തില്‍ നടപ്പാക്കി വിജയിച്ച തലമുറമാറ്റമെന്ന തന്ത്രമാണ് ഇതിലൂടെ കര്‍ണാടകിയിലും ബിജെപി ലക്ഷ്യമിട്ടത്. എന്നാല്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റിയ മിക്ക മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വിയായിരുന്നു ഫലം.
കേവല ഭൂരിപക്ഷമായ 113 സീറ്റുകളും കടന്ന കോണ്‍ഗ്രസ് നിലവില്‍ 136 സീറ്റുകളിലാണ് മുന്നേറ്റം തുടരുന്നത്. ബിജെപി 64 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ബിജെപി നേടിയതിനെക്കാള്‍ ഇരട്ടിയിലേറെ സീറ്റില്‍ വിജയം ഉറപ്പിക്കാനായതും കോണ്‍ഗ്രസിന് വലിയ നേട്ടമായി. 2018-ല്‍ ജെ.ഡി.എസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിച്ചിട്ടും റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ത്തട്ടി അത് കൈമോശം വന്നതിന്റെ വേദന ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായതിലൂടെ മറക്കാനും കോണ്‍ഗ്രസിന് സാധിച്ചു.
Content Highlights: 2019 disqualified Congress-JDS MLA's results in 2023 election


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..