ന്യൂഡല്‍ഹി: ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനെന്ന് ആരോപിക്കപ്പെടുന്ന ആരിസ് ഖാന്‍ കുറ്റക്കാരനെന്ന് ഡല്‍ഹി സകേത് കോടതി. 2008 സെപ്തംബര്‍ 19-നുണ്ടായ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ഡല്‍ഹി പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയെ കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെടെ ആരിസ് ഖാന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.  

മാര്‍ച്ച് 15ന് പ്രതിക്കുള്ള ശിക്ഷ വിധിക്കുമെന്നും കോടതി അറിയിച്ചു. 2008ലെ ഏറ്റുമുട്ടലിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാന്‍ 2018ലാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. 

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടു. ആരിസ് ഖാനും കൂട്ടാളികളും ചേര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നും അഡീഷണൽ സെഷന്‍സ് ജഡ്ജി സന്ദീപ് യാദവ് പറഞ്ഞു. 

2008ല്‍ ജാമിയ നഗറില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ നാല് ഭീകരര്‍ക്കൊപ്പം ആരിസ് ഖാനും ബട്ട്‌ല ഹൗസിലുണ്ടായിരുന്നുവെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതിഫ് അമീനും മുഹമ്മദ് സാജിതും കൊല്ലപ്പെട്ടിരുന്നു. കേസില്‍ നേരത്തെ പിടിയിലായ ഷഹ്‌സാദ് അഹമ്മദിനെ 2013 ജൂലായില്‍ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 

content highlights: 2008 Batla House encounter case: Ariz Khan convicted of Delhi Police inspector's killing