ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കോവിഡ് ദുരിതാശ്വാസം ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് എം.കെ. സ്റ്റാലിന്‍. 

കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യഗഡുവെന്ന നിലയില്‍ 2000 രൂപ നല്‍കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡി.എം.കെ. വാഗ്ദാനം ചെയ്തിരുന്നു. 4,153.39 കോടി ചെലവു വരുന്ന ഈ പദ്ധതി 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. 

തിരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നവയും നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതുമായ മറ്റ് കാര്യങ്ങള്‍: 

  • സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതല്‍ മൂന്നുരൂപ കുറയ്ക്കും.
  • മേയ് എട്ടുമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. സര്‍ക്കാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സബ്‌സിഡിയായി 1,200 കോടി രൂപ നല്‍കും.
  • മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാച്ചെലവ് സര്‍ക്കാര്‍ നല്‍കും.
  • മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍ പദ്ധതി പ്രകാരം ജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ ഐ.എ.എസ്. ഓഫീസര്‍ അധ്യക്ഷനായ വകുപ്പ് രൂപവത്കരിക്കും.

content highlights:2000 rs as covid relief, free travel for woman- set of orders signed by mk stalin