തിരിച്ചറിയേണ്ടത് ആയിരങ്ങളെ; നിസാമുദ്ദീന്‍ ഇന്ത്യയിലെ കോവിഡ് 19 ഹോട്ട് സ്‌പോട്ട് ആകുന്നത് ഇങ്ങനെ


Photo: PTI

ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. ഇവിടെ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരില്‍ ഏഴു പേര്‍ കോവിഡ് 19 മൂലം മരിച്ചതായും മുന്നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരില്‍നിന്ന് വൈറസ് വലിയതോതില്‍ വ്യാപിച്ചിട്ടുണ്ടാകാനുള്ള സാധ്യതയാണ് നിസാമുദ്ദീനെ കോവിഡ് 19ന്‍റെ ഹോട്ട് സ്പോട്ട് ആക്കുന്നത്.

ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിനു മുന്‍പ് മാര്‍ച്ച് 19നാണ് നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാഗ്ലിവാലി മസ്ജിദില്‍ നടന്ന മതസമ്മേളനം അവസാനിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഈ മാസം വിവിധ ദിവസങ്ങളിലായി പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.

മതസമ്മേളനത്തിന്റെ തുടക്കത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് 1,500 പേരാണ് പങ്കെടുത്തത്. പിന്നീട് 500 പേര്‍ കൂടി എത്തി. മൊത്തം 2,000 പേരില്‍ 280 പേര്‍ വിദേശികളാണ്. ഇവരില്‍ പലരും ഇപ്പോള്‍ പള്ളിയിലും പരിസരത്തുമായി താമസിക്കുന്നുണ്ടെന്നും അവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഡല്‍ഹി പോലീസ് പറയുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട 800-ഓളം പേരെ ഇതുവരെ നഗരത്തിന്‍റെ വിവിധയിടങ്ങളിലായി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

പങ്കെടുത്തവര്‍ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളവരില്‍ പലരും ഈ മത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍നിന്ന് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ ആറ് പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തിരികെ ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്ത വഴിയാണ് ഇവര്‍ പോര്‍ട്ട് ബ്ലയറിലെത്തിയത്.

വ്യാഴാഴ്ച ശ്രീനഗറിലെ ആശുപത്രിയല്‍ മരിച്ച അറുപത്തഞ്ചുകാരനായ മതപ്രഭാഷകനും സമ്മേളനത്തില്‍ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട്. ഇദ്ദേഹം ഡല്‍ഹിയില്‍നിന്ന് കശ്മീരിലേയ്ക്ക് എത്തിയത് തീവണ്ടി മാര്‍ഗമാണ്. എന്നാല്‍ കശ്മീരില്‍ തിരിച്ചെത്തുന്നതിനു മുന്‍പ് ഉത്തര്‍പ്രദേശിലെ പ്രമുഖ മതപഠന കേന്ദ്രമായ ദേവ്ബന്ദ് പഠനശാലയിലും ഇദ്ദേഹം എത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ആന്ധ്ര പ്രദേശില്‍നിന്നുള്ള അമ്പത്തിരണ്ടുകാരനും ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

സമ്മേളനത്തിനു ശേഷം പള്ളിയുടെ പരിസരത്തുതന്നെ താമസിക്കുകയായിരുന്ന മുന്നൂറിലധികം പേരാണ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. സമ്മേളനത്തിനു ശേഷം ഇവരെ ഇവിടെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ഈ പരിസരത്തുനിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെന്നും അത് പരിശോധിച്ചവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഇന്ത്യയില്‍ പലയിടത്തുള്ള സ്വന്തം വീടുകളിലേയ്ക്കു മടങ്ങിപ്പോയിട്ടുണ്ട്. മതസമ്മേളനം കഴിഞ്ഞ ശേഷം ഇതില്‍ പങ്കെടുത്തവര്‍ ബസുകളിലാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോയത്. 20-30 ബസുകളിലായാണ്‌ ഇവര്‍ മടങ്ങിയതെന്നാണ് വിവരം. പലരും തീവണ്ടികളിലും സ്വദേശത്തേയ്ക്ക് പോയിട്ടുണ്ട്.

തിരിച്ചറിയേണ്ടത് പതിനായിരങ്ങളെ

സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ തെലങ്കാന, ജമ്മു കശ്മീര്‍ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ മരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ സഞ്ചരിച്ച പാതയും എത്തിച്ചേര്‍ന്ന ഇടങ്ങളും ഇടപഴകിയ ആള്‍ക്കാരും നിരവധിയാണ്.

രണ്ടായിരം പേരില്‍നിന്ന് എത്രയധികം ആളുകളിലേയ്ക്ക് വൈറസ് പകര്‍ന്നിട്ടുണ്ടാകാം എന്നുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒരു പക്ഷെ അത് പതിനായിരങ്ങളാകാം. ഈ സാഹചര്യത്തിലാണ് നിസാമുദ്ദീനിലെ മതസമ്മേളനം രാജ്യത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടാണോയെന്ന ആശങ്കയുയരുന്നത്.

മതസമ്മളനത്തില്‍ പങ്കെടുത്തവരെയെല്ലാം തിരിച്ചറിയുകയും ഇടപഴകിയവരെ ക്വാറന്റൈന്‍ ചെയ്യുകയും പ്രയാസമേറിയ കാര്യമാണെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതുവരെ 300 പേരെ തിരിച്ചറിയുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതില്‍ ആന്‍ഡമാനില്‍നിന്നുള്ള ഒമ്പതു പേരും ഇവരില്‍ ഒരാളുടെ ഭാര്യയും കോവിഡ് 19നു ചികിത്സയിലാണ്.

പ്രതിരോധ പ്രവര്‍ത്തനം എളുപ്പമല്ല

വലിയ തോതില്‍ ജനസാന്ദ്രതയുള്ള പ്രദേശമാണ് തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശം. പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇപ്പോഴെങ്കിലും പള്ളിയോടു ചേര്‍ന്ന് ആയിരത്തിലധികം പേര്‍ താമസിക്കുന്നുണ്ടെന്നാണു വിവരം. ഇവരെ ഇവിടെ നിന്നു മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി പോലീസ്, സിആര്‍പിഎഫ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ദക്ഷിണ ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ ചിലര്‍ക്കു സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ അക്കാര്യം അറിയിക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് 10 ഇന്തോനേഷ്യക്കാര്‍ തെലങ്കാനയില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇവരിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 24നു പള്ളി അടയ്ക്കാന്‍ പറഞ്ഞിരുന്നെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനാകാതെ പലരും ഇവിടെ കുടുങ്ങിയിട്ടുണ്ട്.

മതസമ്മേളനം നടന്ന നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള പള്ളിയും പരിസരവും പോലീസ് ഇപ്പോള്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡ്രോണുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് അധികൃതര്‍

ഗൗരവമേറിയ കുറ്റകൃത്യമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് 100 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടത്തിലെ ആറ് നിലകളിലായുള്ള ഡോര്‍മിറ്ററികളില്‍ നൂറുകണക്കിനു പേര്‍ തങ്ങിയത്.

മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, നേപ്പാള്‍, മ്യാന്മാര്‍, കിര്‍ഗിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നുള്ള മതപ്രഭാഷകര്‍ സമ്മളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാന്‍, അല്‍ജീറിയ, ജിബൂട്ടി, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഫിജി, ഫ്രാന്‍സ്, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ അംഗങ്ങളായും പങ്കെടുത്തിട്ടുണ്ട്. സമ്മേളനത്തിനു ശേഷം ഇവര്‍ രാജ്യത്തിന്റെ മറ്റു പല പ്രദേശങ്ങളലേയ്ക്കും സഞ്ചരിച്ചട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

മതസമ്മേളനത്തിനു നേതൃത്വം നല്‍കിയ ആള്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Content Highlights: 200 suspects; Nizamuddin a corona hotspot?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented