ഛണ്ഡിഗഢ്: താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ ഗുരുദ്വാരയില്‍ കുടുങ്ങിയ 200 സിഖുകാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇതിനാവശ്യമായ സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് അമരീന്ദ്രര്‍ സിങ് ആവശ്യപ്പെട്ടു. 

അഫ്ഗാനില്‍ കുടുങ്ങിയ പൗരന്‍മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. അഫ്ഗാന്‍ സൈന്യത്തെ തുരത്തി താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിലുള്ള വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷയില്‍ വലിയ ആശങ്ക ഉയരുന്നതിനിടെയാണ് സിഖുകാര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടത്. 

താലിബാന്‍ കാബുള്‍ പിടിച്ചെടുത്തതിന് പിന്നാലെ കാബൂള്‍ വ്യോമപാതയും അടച്ചിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്‍മാരെയും പ്രതിനിധികളെയും തിരിച്ചെത്തിക്കാനുള്ള നടപടികളും ഇതോടെ പ്രതിസന്ധിയിലായി. കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് അഫ്ഗാനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്രയും അനിശ്ചിതത്വത്തിലാണ്. 

അതേസമയം തിങ്കളാഴ്ച രാവിലെ മുതല്‍ കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഭയം തേടി മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളും കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. തിക്കിലും തിരക്കിലും ചിലര്‍ മരണപ്പെട്ടതായും വിമാനത്താവളത്തിനുള്ളില്‍ വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

content highlights: 200 Sikhs In Gurudwara In Afghanistan: Amarinder Singh's SOS To Centre