കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 294-ല്‍ 200ന് മുകളില്‍ സീറ്റുനേടുമെന്ന അവകാശവാദവുമായി അമിത് ഷാ. രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ പാര്‍ട്ടി ഭാരാവാഹികള്‍ക്ക് മുമ്പിലാണ് ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അമിത് ഷായുടെ അവകാശവാദത്തെ തള്ളി. 'അവര്‍ക്കൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല. കേഡര്‍മാരില്ല. ജനപിന്തുണയുമില്ല. ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണുന്നത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങികൊണ്ടിരിക്കുകയാണ്. ബംഗാളില്‍ അവര്‍ക്ക് ഒരു പ്രതീക്ഷയുമില്ല. ഇത് അമിത് ഷായുടെ ഒരു പൊള്ളയായ സ്വപ്‌നം മാത്രമാണ്' തൃണമൂല്‍ എംപി സൗഗതാ റോയ് പ്രതികരിച്ചു.
'2019-ല്‍ ബംഗാളില്‍ ഞങ്ങള്‍ക്ക് 22 സീറ്റുകള്‍ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എതിരാളികള്‍ എന്നെ പരിഹസിച്ചു. എന്റെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ പോലും പരിഹസിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് 18 സീറ്റുകള്‍ ലഭിച്ചു. അഞ്ചോളം സീറ്റുകള്‍ 2000 മുതല്‍ 3000 വോട്ടുകള്‍ക്കാണ് നഷ്ടമായത്' അമിത് ഷാ പറഞ്ഞു. എന്നാല്‍ ഇന്ന് താന്‍ പറയുന്നു ബിജെപി ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടി അധികാരത്തില്‍ വരും. പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ, നമ്മുടെ പദ്ധതികള്‍ പ്രകാരം പ്രവര്‍ത്തിച്ചാല്‍ ബിജെപിക്ക് 200ല്‍ കൂടുതല്‍ സീറ്റുകല്‍ നേടാമെന്നും അദ്ദേഹം വ്യക്തമാക്കി.
294 അംഗ ബംഗാള്‍ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 16 എംഎല്‍എമാര്‍ മാത്രമാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 221 എംഎല്‍എമാരുണ്ട്. എന്നാല്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 120 നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയിട്ടുണ്ടെന്നുള്ളതാണ് ബിജെപി നേതാക്കളുടെ ആത്മവിശ്വാസം.
Content Highlights: 200 Seats For BJP In Bengal, Says Amit Shah-Trinamool reply