അമൃത്സര്‍: തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ ഇവരില്‍ പലരും താല്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. 

പാകിസ്താനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്‌.

പുതിയ പൗരത്വ നിയമ ഭേദഗതിയെ പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘത്തിലുളള ഒരു പാക് പൗരന്‍ പറഞ്ഞു.  

'ഞങ്ങള്‍ക്ക് പാകിസ്താനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെണ്‍മക്കള്‍ കഴിയുന്നത്. പോലീസ് ഇത് നിശബ്ദരായി നോക്കിനില്‍ക്കും. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പാകിസ്താനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല.'- സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാകിസ്താനില്‍ പതിവാണെന്നും മൗലികവാദികള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇവര്‍ പറയുന്നു.

അതിര്‍ത്തി കടന്നെത്തുന്ന നാലുകുടുംബങ്ങളെ സ്വീകരിക്കുന്നതിനായി അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ചിന്ദര്‍ സിങ് സിര്‍സയും അതിര്‍ത്തിയിലുണ്ടായിരുന്നു. പാകിസ്താനില്‍ നിന്നെത്തിയ നാലുകുടുംബങ്ങളെയാണ് ഇദ്ദേഹം സ്വീകരിച്ചത്. മതപരമായ പീഡനങ്ങളെ തുടര്‍ന്ന് പാകിസ്താനില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവരാണ് ഇവരെന്ന് മഞ്ചിന്ദര്‍ സിങ് പറഞ്ഞു. ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ഇവരുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സിങ് അറിയിച്ചു. 

content highlights: 200 Pakistani Hindus cross Attari-Wagah border